കീഴരിയൂർ ആനപ്പാറ ക്വാറി സംഘർഷം; സ്ത്രീകളെ കൊണ്ട് ലോറി തടഞ്ഞ് ആക്ഷൻ കമ്മിറ്റി; പിന്തുണച്ച് കോൺഗ്രസ്, ബി ജെ പി നേതാക്കൾ
കീഴരിയൂർ: കീഴരിയൂർ ആനപ്പാറ ക്വാറി സംഘർഷത്തിൽ പുതിയ സമര തന്ത്രവുമായി ആക്ഷൻ കമ്മിറ്റി. അൻപതോളം സ്ത്രീകളുള്ള സസമര സംഘത്തിൽ നിന്ന് മൂന്ന് വീതം സ്ത്രീകൾ ലോറി തടയുക എന്ന തന്ത്രമായിരുന്നു അവർ പ്രയോഗിച്ചത്. പോലീസിന്റെ വൻ സന്നാഹമുണ്ടായിരുന്നെങ്കിലും ഇന്ന് സംഘർഷങ്ങളൊന്നുമില്ലായിരുന്നു.
സമരക്കാർക്ക് ഐക്യദാർഢ്യം അർപ്പിച്ച് കോൺഗ്രസ്, ബി ജെ പി നേതാക്കൾ ക്വാറി സന്ദർശിച്ചു. കളക്റ്ററോടോ ആർ.ഡി.ഓ യോടോ ഒപ്പമുള്ള ചർച്ചക്ക് ശേഷം മാത്രം ക്വാറി പ്രവർത്തിക്കു എന്ന് പൊലീസും ക്വാറി മാനേജരും തങ്ങൾക്കു ഉറപ്പു നൽകിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഡി സി സി സെക്രട്ടറി ഇ.അശോകൻ, രാജേഷ് കീഴരിയൂർ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി.വേണുഗോപാൽ, മണ്ഡലം പ്രസിഡൻറ് ഇടത്തിൽ ശിവൻ തുടങ്ങിയ സംഘമാണ് ക്വാറിയിലെത്തി സമരക്കാരോടും ഉദ്യോഗസ്ഥരോടും സംസാരിച്ചത്.
ബി ജെ പി ജില്ലാ പ്രസിഡൻറും സംഘവും ക്വാറി ഉടമയോട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സമരത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച് ബിജെപി ജില്ല പ്രസിഡൻ്റ് പ്രസംഗിച്ചു.