”ന്യൂസിലാന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നോ” ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല ഈ ദൃശ്യഭംഗി കരിയാത്തുംപാറയുടേതാണെന്ന്- വീഡിയോ വൈറലാകുന്നു


പേരാമ്പ്ര: കണ്ണിനും മനസിനും ആനന്ദം പകരുന്ന കരിയാത്തുംപാറയിലെ മനോഹരമായ കാഴ്ചകളുള്‍പ്പെട്ട വീഡിയോ വൈറലാകുന്നു. മഞ്ഞുപുതച്ച മലനിരകളും നീര്‍ച്ചാലുകളും അതിനിടയിലെ പച്ചപ്പുമെല്ലാം ഏതോ മായാലോകത്തെത്തിയ അനുഭൂതിയാണ് പകരുന്നത്.

നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ന്യൂസിലന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നു’ എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം സച്ചിന്‍ദേവ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പിനു താഴെ വന്ന കമന്റ്. കോഴിക്കോട് കൂരാച്ചുണ്ടിലുള്ള സ്ഥലമാണിതെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. കേരളത്തിലെ കാശ്മീര്‍ എന്നാണ് ചിലര്‍ ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്.

പേരാമ്പ്രയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് കരിയാത്തുംപാറ. പരവതാനി വിരിച്ച പോലെ പുല്‍മേടും അതില്‍ മേയുന്ന കാലിക്കൂട്ടങ്ങളും അതിനെ വലയം വെച്ചുള്ള മലനിരകളും തടാകവും തടാകത്തിന് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങളും കാറ്റും അരുവിയും എല്ലാം നിറഞ്ഞ കരിയാത്തുംപാറയുടെ മനോഹര കാഴ്ചകള്‍ വര്‍ണ്ണനകള്‍ക്കും അപ്പുറമാണ്.

കരിയാത്തുംപാറയ്ക്ക് സമീപമുള്ള തോണിക്കടവിലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. വാച്ച് ടവര്‍, വാക്ക് വേ, ഇരിപ്പിടങ്ങള്‍, ആംഫി തിയേറ്റര്‍, കഫറ്റീരിയ, കുട്ടികളുടെ പാര്‍ക്ക്, ബോട്ടുജെട്ടി, ലാന്റ്സ്‌കേപ്പിങ്, അലങ്കാരവിളക്കുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.