പരിശോധിച്ചത് നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍; പാലേരിയില്‍ പത്രവിതരണക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയില്‍
പേരാമ്പ്ര: പാലേരി പാറക്കടവില്‍ പത്രവിതരണക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. കോഴിവിതരണം ചെയ്യുന്ന ലോറിയും ഡ്രൈവറായ കൂടരഞ്ഞി സ്വദേശി പി.കെ.അനസുമാണ് പിടിയിലായത്.
പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ജംഷീദിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാറക്കടവ് അരിയന്താരി ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് പാറക്കടവ് സ്വദേശിയായ തയ്യില്‍ കുഞ്ഞിക്കൃഷ്ണനെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിര്‍ത്താതെ പോയത്. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രവിതരണത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനത്തെ തിരിച്ചറിയുകയും ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.