വടകര തണലില്‍ സ്‌നേഹവിരുന്നൊരുക്കി വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും


തിക്കോടി: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയവരുടെ അഭയകേന്ദ്രമായ വടകര ‘തണലില്‍’ വന്മുഖം കോടിക്കല്‍ എ.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സംഘം സ്‌നേഹവിരുന്നൊരുക്കി. സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ വിളയിച്ചെടുത്ത പച്ചക്കറികളുപയോഗിച്ച് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും കുട്ടികളുടെ പാട്ടും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കോല്‍കളിയും കൂടിയ കലാ വിരുന്നുമായെത്തിയ സംഘം തണലിന് നവ്യാനുഭവമായിരുന്നു.

തണല്‍ വാസികളോടൊന്നിച്ചു ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം കിടപ്പുരോഗികള്‍ കഴിയുന്ന വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ഇവര്‍ക്ക് ഗൃഹതുരമായ അനുഭൂതി സമ്മാനിച്ചു. കുശലന്വേഷണങ്ങള്‍ നടത്തിയും പാട്ടുപാടിയും കുട്ടികള്‍ കുറെ സമയം അവരോടൊപ്പം ചിലവഴിച്ചു. കിടപ്പുരോഗികള്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചു നന്ദിപ്രകടനം നടത്തുന്ന കാഴ്ച ആരുടെയും കണ്ണ് നനയിക്കുന്നതായിരിക്കുന്നു.

തുടര്‍ന്ന് നാലുമണിമുതല്‍ തണല്‍ മുറ്റത്തൊരുക്കിയ വേദിയില്‍ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. പുര്‍വ്വ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനങ്ങളും കോല്‍കളിയും വിദ്യാര്‍ത്ഥികളുടെ ഗാനവിരുന്നും ആസ്വദിക്കാന്‍ പ്രായമായ കിടപ്പുരോഗികളള്‍പ്പെടെ യുള്ളവര്‍ അവശതകള്‍ മറന്നെത്തി. വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍ മുറ്റത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ എന്‍.പി.മുഹമ്മദ് ഹാജി, കോയിലോത്ത് അബൂബക്കര്‍ ഹാജി, മന്ദത്തു മജീദ് എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ഹാഷിം, പി.ടി.എ.പ്രസിഡന്റ് സലിം പി ടി, സ്റ്റാഫ് സിക്രെട്ടറി സഹീറടീച്ചര്‍, തയ്യില്‍ നൗഷാദ്, പുടുക്കൂടി അലി, എന്നിവര്‍ നേതൃത്വം നല്‍കി.