മരിച്ചത് പുക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം, നൊമ്പരമായി പിഞ്ചോമന റയാന്‍; റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റും വളര്‍ത്തുനായയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി


തിരുവനന്തപുരം: സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് അഞ്ച് പേര്‍ മരിച്ച ദാരുണമായ സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വര്‍ക്കല അയന്തിയില്‍ ദുരന്തമുണ്ടായത്. തീ ഉയരുന്നത് ആദ്യം കണ്ട അയല്‍വാസിയാണ് നാട്ടുകാരെ വിളിച്ചു കൂട്ടി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചത്.

എന്നാല്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റായതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. വീട്ടുമുറ്റത്ത് വളര്‍ത്തുനായ ഉണ്ടായിരുന്നതിനാല്‍ മതില്‍ ചാടിക്കടന്ന് വീടിന് സമീപം ചെന്ന് തീ അണയ്ക്കാന്‍ പോലും കഴിഞ്ഞില്ല.

മതിലിനി പുറത്തുനിന്ന് സാധിക്കുന്ന ഇടങ്ങളിലെല്ലാം വെള്ളമൊഴിച്ച് നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഗേറ്റ് തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് അകത്ത് കടന്നത്.

ദളവാപുരം രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിന് തീപിടിച്ചാണ് അപകടമുണ്ടായത്. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), മകന്‍ അഖില്‍ ( 29 ), മരുമകള്‍ അഭിരാമി (25), നിഖിലിന്റെയും അഭിരാമിയുടേയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് റയാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പ്രതാപന്റെ മൂത്ത മകന്‍ നിഖിലിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുക ശ്വസിച്ചാണ് അഞ്ച് പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം മുറിയില്‍ നിറഞ്ഞിരുന്നു എന്നും വിവരമുണ്ട്. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന നാല് ബൈക്കുകളും കത്തിനശിച്ചിട്ടുണ്ട്.