തൃശ്ശൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റില്‍
തൃശ്ശൂര്‍: കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആയിരുന്നു സംഭവം.
ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ പരാതിയിന്‍മേല്‍ കേസെടുത്ത പൊലീസ് ഇന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശ്ശേരിയില്‍ വച്ച് ബസില്‍ തൃശൂര്‍ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.