‘രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ അനുഭവം’; കൊയിലാണ്ടി സ്വദേശികള്‍ ഭാഗമായ കൊത്ത് സിനിമയെ അഭിനന്ദിച്ച് വടകര എം.എല്‍.എ കെ.കെ.രമ


സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് എന്ന സിനിമയെ അഭിനന്ദിച്ച് വടകര എം.എല്‍.എ കെ.കെ രമ. രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മികച്ച സിനിമാനുഭവം കൂടിയാണ് കൊത്ത് എന്നും പൊതുപ്രവര്‍ത്തനാനുഭവമുള്ള മനുഷ്യര്‍ക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ടെന്നും കെ.കെ രമ കുറിച്ചു. രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്പൊത്തിക്കളികളില്‍ രാഷ്ട്രീയകേരളത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിയട്ടെയെന്നും രമ കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടിക്കാരന്‍ രതിന്‍ രാധാകൃഷ്ണന്‍ സ്വതന്ത്ര എഡിറ്റര്‍ ആയും വിജീഷ് കാരയാടിന്റെ മികച്ച അഭിനയവും കൊണ്ട് കൊത്ത് സിനിമ കൊയിലാണ്ടിക്കാര്‍ക്ക് പ്രിയം സൃഷ്ടിക്കും.

കെ.കെ രമയുടെ കുറിപ്പ്

മഹത്തായ ലക്ഷ്യങ്ങളും ആദര്‍ശങ്ങളും മുന്‍നിര്‍ത്തിയുള്ള മുന്നേറ്റങ്ങളുടെ ഭാഗമായ ജീവത്യാഗങ്ങളുണ്ട്. മനുഷ്യ വിമോചനത്തിന്റെ ഭാഗമായ രക്തസാക്ഷിത്വങ്ങള്‍. എന്നാല്‍ സങ്കുചിത സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി കേരളത്തിലരങ്ങേറുന്ന അക്രമ സംഭവങ്ങളെയും കൊലവാള്‍ രാഷ്ട്രീയത്തെയും അവയോട് സമീകരിച്ച് ആദര്‍ശവല്‍ക്കരിക്കാനോ സാധൂകരിക്കാനോ സാധിക്കില്ല. തെറ്റായ കക്ഷിരാഷ്ട്രീയ ശൈലിയുടെ രക്തസാക്ഷികളാണ് അതില്‍ ജീവന്‍ പൊലിഞ്ഞു പോവുന്ന മനുഷ്യര്‍. മുന്‍പിന്‍ ആലോചനകളില്ലാതെ നേതൃതാല്പര്യങ്ങള്‍ക്ക് ബലിയാടാവുകയാണ് യുവതലമുറ.

തീര്‍ത്തും ആണുങ്ങളുടേതു മാത്രമായ ഈ തിണ്ണമിടുക്ക് രാഷ്ട്രീയത്തിന്റെ ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുടുംബഭാരം തനിച്ച് തലയിലേറ്റി പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് പകച്ചു നില്‍ക്കുന്ന സ്ത്രീകളാണ് ഓരോ രാഷ്ട്രീയക്കൊലകളുടേയും ബാക്കിപത്രം.

കണ്ണൂരിലെ ഒരു സാങ്കല്പിക ഗ്രാമജീവിത പശ്ചാത്തലത്തില്‍ ഈ പ്രശ്നം അഭിസംബോധന ചെയ്യുന്ന സിനിമയാണ് സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’. ഈ രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മികച്ച സിനിമാനുഭവം കൂടിയാണിത്. പൊതുപ്രവര്‍ത്തനാനുഭവമുള്ള മനുഷ്യര്‍ക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്.

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് ശ്രീലക്ഷ്മിയുടെ അമ്മ വേഷം എടുത്തു പറയേണ്ടതാണ്. സ്വന്തം മകന് നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളില്‍ ആ അമ്മ അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളും സങ്കടങ്ങളും അധികം സംഭാഷണങ്ങള്‍ പോലുമില്ലാതെ സ്‌ക്രീനിലെ തന്റെ സാന്നിദ്ധ്യം കൊണ്ട് അനുഭവിപ്പിക്കുന്നുണ്ട് ശ്രീലക്ഷ്മി. രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്പൊത്തിക്കളികളില്‍ രാഷ്ട്രീയകേരളത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിയട്ടെ. സിനിമയുടെ ഭാഗമായ എല്ലാ കലാകാരന്മാര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

സ്നേഹത്തോടെ,
കെ.കെ.രമ

summary: Vadakara MLA K K Rama praised Koth Cinema, a film experience that tells the story of heartwarming human relationships with a political theme