കാശ്മീരിൽ നിന്ന് സൈക്കിൾ ചവിട്ടി ഉത്തർപ്രദേശ് സ്വദേശി വികാസ് കൊയിലാണ്ടിയെത്തി, ലക്ഷ്യം കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള ബോധവൽക്കരണം; ആവേശപൂർവ്വം സംവദിച്ച് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികൾ (വീഡിയോ കാണാം)


സ്വന്തം ലേഖകൻ

കൊയിലാണ്ടി: ലോകം ഇന്ന് നേരിടുന്ന വലിയ ഭീഷണിയാണ് കാലാവസ്ഥാ മാറ്റം. എന്നാല്‍ ലോകത്തെ ഭൂരിഭാഗം പേരും ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരല്ല. എന്നാല്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ചും കാലാവസ്ഥാ മാറ്റത്തെ കുറിച്ചുമെല്ലാം ചിന്തിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലരെങ്കിലും ലോകത്തുണ്ട്. അത്തരത്തില്‍ ഒരാളാണ് ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയില്‍ നിന്നുള്ള വികാസ് ജയ് ജാനിയ.

സാമൂഹ്യപ്രവര്‍ത്തകനായ വികാസ് ഇപ്പോള്‍ ഇന്ത്യയുടെ വടക്കേ അറ്റമായ കശ്മീരില്‍ നിന്ന് തെക്കേ അറ്റമായ കന്യാകുമാരി വരെ തന്റെ സൈക്കിളില്‍ സഞ്ചരിക്കുകയാണ്. കാലാവസ്ഥാ മാറ്റം എന്ന ആഗോള വിപത്തിനെതിരായ ബോധവല്‍ക്കരണം വിദ്യാര്‍ത്ഥികളിലും ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യവുമായാണ് വികാസ് 4500 ലേറെ കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്നത്.

2022 സെപ്റ്റംബര്‍ 26 നാണ് കശ്മീരിലെ ശ്രീനഗറില്‍ നിന്ന് വികാസ് തന്റെ സൈക്കിള്‍ യാത്ര തുടങ്ങിയത്. ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവില്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. ജനുവരി മൂന്ന് ബുധനാഴ്ചയാണ് വികാസിന്റെ സൈക്കിള്‍ കര്‍ണ്ണാടക അതിര്‍ത്തി കടന്ന് കേരളത്തില്‍ പ്രവേശിച്ചത്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് വികാസ് കൊയിലാണ്ടിയില്‍ എത്തിയത്. കൊയിലാണ്ടിയില്‍ എത്തിയ വികാസ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു (വീഡിയോ താഴെ കാണാം). തന്റെ യാത്രയുടെ ലക്ഷ്യവും യാത്രയ്ക്കിടെയുണ്ടായ അനുഭവങ്ങളുമെല്ലാം വികാസ് കുട്ടികളോട് പങ്കുവച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

വീഡിയോ കാണാം:

കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമായി സൈക്കിള്‍ ഉപയോഗിക്കണമെന്നാണ് എല്ലാവരോടുമായി തനിക്ക് പറയാനുള്ളതെന്ന് വികാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സൈക്കിള്‍ ഒരുതരി പോലും കാര്‍ബണ്‍ പുറത്തുവിടുന്നില്ല എന്നതിനാല്‍ ഒട്ടും മലിനീകരണം ഉണ്ടാകില്ല. മാത്രമല്ല സൈക്കിള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ശാരീരികമായും മാനസികമായും ഊര്‍ജ്ജസ്വലമായിരിക്കാന്‍ നമ്മളെ സഹായിക്കുമെന്നും വികാസ് പറയുന്നു.

ഉത്തര്‍പ്രദേശുകാരനാണെങ്കിലും ഡല്‍ഹിയിലാണ് വികാസ് ഇപ്പോള്‍. മന്‍സില്‍ വെല്‍ഫെയര്‍ സൊസൈറ്റി ആന്റ് ലേണിങ് ബൈ ലോക്കല്‍സ് എന്ന എന്‍.ജി.ഒയ്ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വികാസ് സൈക്കിളുമായി പ്രകൃതിക്ക് വേണ്ടി ഇറങ്ങിയത്.

കേരളത്തെ കുറിച്ച് ആവേശത്തോടെയാണ് വികാസ് സംസാരിക്കുന്നത്. കേരളം പച്ചപ്പ നിറഞ്ഞ, പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ വളരെ സുന്ദരമായ നാടാണെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഡല്‍ഹിയിലും മറ്റും കേരളത്തിലെ പോലെ പച്ചപ്പ് ഇല്ല.

മലയാളികള്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലുള്ളവരാണെന്നും തനിക്ക് സാമ്പത്തികമായി ഉള്‍പ്പെടെ എന്ത് സഹായമാണ് വേണ്ടതെന്ന് നിരവധി മലയാളികള്‍ ഇതിനകം ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണമാണ് കേരളത്തിലേതെന്നും വികാസ് കൂട്ടിച്ചേര്‍ത്തു.

തന്റെ സൈക്കിള്‍ യാത്രയ്ക്കിടെ ഒരുപാട് പേരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞെന്ന് വികാസ് പറയുന്നു. മുംബൈയില്‍ വച്ച് തെന്നിന്ത്യന്‍-ബോളിവുഡ് താരം സോനു സുഡിനെ കാണാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വികാസും കംലേഷ് റാണയും സോനു സുഡിനൊപ്പം


കശ്മീരില്‍ നിന്ന് യാദൃശ്ചികമായി കണ്ടുമുട്ടിയ കംലേഷ് റാണ എന്ന അറുപത്തിനാലുകാരിയും വികാസിനൊപ്പം കന്യാകുമാരി യാത്രയ്ക്ക് ഉണ്ടായിരുന്നു. കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ വച്ച് അവര്‍ സഞ്ചരിച്ച സൈക്കിള്‍ അപകടത്തില്‍ പെട്ടു. പരിക്കേറ്റതിനാല്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.

മഹക് സിങ്ങിന്റെയും സാത്തോദേവിയുടെയും മകനായ വികാസിന് രണ്ട് സഹോദരന്മാരാണ് ഉള്ളത്. തന്റെ സൈക്കിള്‍ യാത്രയ്ക്ക് കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്ന് വികാസ് പറയുന്നു. ഇന്ത്യയില്‍ നിന്ന് സ്വിറ്റ്‌സര്‍ലാന്റ് വരെ സൈക്കിളില്‍ സഞ്ചരിക്കുക എന്നതാണ് തന്റെ വലിയ സ്വപ്‌നമെന്നും ഈ വലിയ യാത്രയ്ക്കായി ഒരു സ്‌പോണ്‍സറെ കണ്ടെത്തേണ്ടതുണ്ടെന്നും വികാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീഡിയോ കാണാം:


വികാസിനെ സോഷ്യൽ മീഡിയയിൽ പിന്തുടരാം

ഇൻസ്റ്റഗ്രാം ഫേസ്ബുക്ക്  യൂട്യൂബ് ട്വിറ്റർ