കണ്ണീരോടെ ബന്ധുക്കളും സുഹൃത്തുക്കളും; ഖത്തറില്‍ മരണപ്പെട്ട കളത്തിക്കണ്ടി ജുബേഷിന്റെ മൃതദേഹം കബറടക്കിഅരിക്കുളം
: ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട കളത്തിക്കണ്ടി ജുബേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അവസാനമായി ഒരുനോക്കുകാണാന്‍ തടിച്ചുകൂടി ബന്ധുക്കളും സുഹൃത്തുക്കളും. സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ച് ഖത്തറിലേക്ക് പോയെങ്കിലും പഴയ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്നയാളായിരുന്നു ജുബേഷ്. ഏറെ നാള്‍ക്കുശേഷം ഉറ്റ സുഹൃത്തിനെ ഈ അവസ്ഥയില്‍ കാണേണ്ടിവന്നതിന്റെ നൊമ്പരവും പേറിയാണ് കൂട്ടുകാര്‍ മടങ്ങിയത്.

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് പാറക്കുളങ്ങര കെ.പി.എം.എസ്.എസ് ഹൈസ്‌കൂളിന് അടുത്തുള്ള കളത്തിക്കണ്ടി വീട്ടില്‍ കൊണ്ടുവന്നു. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും അവസാനമായി ഒരുനോക്കു കണ്ടശേഷം എലങ്കമല്‍ ജുമാ മസ്ജിദില്‍ കബറടക്കം നടന്നു.

ആഗസ്റ്റ് പതിനൊന്നിനാണ് ഖത്തറില്‍ വെച്ച് ജുബേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കളത്തീക്കണ്ടി കുഞ്ഞായിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഹിബ ബാസിത് ഖാന്‍. വിദ്യാര്‍ത്ഥികളായ ഹെസ്സ ജുബെഷ്, ഇലാന സെറിന്‍.

എലങ്കമല്‍ ജുമാ മസ്ജിദിന് മുമ്പില്‍ വൈകുന്നേരം നാലുമണിക്ക് അനുശോചനയോഗം നടക്കും.