‘ആദ്യ ആക്രമണം നടന്നതിനു പിന്നാലെ ഭീതി പടര്‍ന്നു; പിന്നെ അതിജീവിനത്തിനുള്ള പെടാപാടുകളാണ് കണ്ടത്’ ; ഉക്രൈനിലെ ചെര്‍നിവിസ്റ്റിയില്‍ നിന്നും ചേമഞ്ചേരിയിലെ വീട്ടിലേക്കുള്ള ആ നീണ്ടയാത്രയെക്കുറിച്ച് കിഷന്‍ എസ് ബാലറാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: ഒരുപാട് പ്രതീക്ഷകളോടെയും അതേപോലെ തന്നെ പേടിയോടെയുമാണ് 25ന് ഉക്രൈനിലെ ചെര്‍നിവിസ്റ്റിയില്‍ നിന്നും ചേമഞ്ചേരി സ്വദേശിയായ കിഷന്‍ എസ് ബാലറാം യാത്ര തിരിച്ചത്. രണ്ടുദിവസത്തിനൊടുവില്‍ വെങ്ങളത്തെ വീട്ടിലെത്തിയപ്പോള്‍ ഏറെ ആശ്വാസവും ഒപ്പം ഉക്രൈന്‍ സ്വദേശികളായ സഹപാഠികളെക്കുറിച്ചോര്‍ത്ത് ആധിയുമുണ്ട് എന്ന് പറയുകയാണ് കിഷന്‍.

ചെര്‍നിവിസ്റ്റിയിലെ ബൂക്കോവിനിയന്‍ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അഞ്ചാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് കിഷന്‍. യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആക്രമണം തുടങ്ങുന്നതിന് കുറച്ചുദിവസം മുമ്പുതന്നെ തദ്ദേശീയരിലും വിദേശത്തുനിന്ന് ജോലിയ്ക്കായും പഠിക്കാനായും വന്നവരിലും വ്യാപകമായിരുന്നുവെന്നാണ് കിഷന്‍ പറയുന്നത്. പലരും ഭക്ഷണ സാധനങ്ങള്‍ കരുതിവെയ്ക്കുകയും മറ്റ് മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ആദ്യത്തെ ആക്രമണമുണ്ടായതിനു പിന്നാലെ ആളുകളില്‍ വലിയ ഭീതിപടര്‍ന്നു. അന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ തീര്‍ന്നുപോകുന്ന അവസ്ഥയായിരുന്നു. പണമെടുക്കാന്‍ എ.ടി.എമ്മുകള്‍ക്കു മുമ്പില്‍ അഞ്ചും ആറും മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയായിരുന്നു.

നാട്ടിലെത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും തരത്തിലുള്ള സംവിധാനം ഒരുക്കുമെന്ന വിശ്വാസം മാത്രമായിരുന്നു കരുത്തായുണ്ടായിരുന്നെന്നും കിഷന്‍ പറയുന്നു. എയര്‍പോര്‍ട്ടുകളെല്ലാം ആക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്തകളാണ് അവിടെ നിന്നും വന്നുകൊണ്ടിരുന്നത്. അതിര്‍ത്തി കടന്നശേഷം അവിടെ നിന്നും നാട്ടിലേക്ക് വരികയെന്നത് മാത്രമായിരുന്നു വഴി. ഉക്രൈനിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ സൗകര്യമൊരുക്കി തന്ന എം.പി ഹൗസ് ഏജന്‍സി എല്ലാ ധൈര്യവും തന്നു കൂടെ നിന്നു. ഏജന്‍സിയിലെ സുനില്‍ ആണ് ഉക്രൈനില്‍ നിന്നും റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് എത്താനുള്ള സൗകര്യമൊരുക്കി നല്‍കിയതെന്നും കിഷന്‍ പറയുന്നു.

‘റൊമാനിയന്‍ അതിര്‍ത്തിയ്ക്ക് അടുത്ത പ്രദേശമായത് ഏറെ ഗുണം ചെയ്തു. ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരം മാത്രമേ അവിടെ നിന്നും അതിര്‍ത്തിയിലേക്ക് ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരി 25ന് സുനില്‍ സാര്‍ ഇടപെട്ട് ഏര്‍പ്പാട് ചെയ്ത ബസില്‍ റൊമാനിയയിലേക്ക് തിരിച്ചു. പൊലീസ് സുരക്ഷയോടെയായിരുന്നു യാത്ര. എന്നാല്‍ റൊമാനിയന്‍ അതിര്‍ത്തിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ ഇപ്പുറത്തുവെച്ച് ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് ബസ് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് ഈ എട്ടുകിലോമീറ്റര്‍ നടന്ന് അതിര്‍ത്തിയിലെത്തി. ഉക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ എംബസി അധികൃതരും റൊമാനിയയില്‍ നിന്നുള്ള എംബസി അധികൃതരും അതിര്‍ത്തിയിലുണ്ടായിരുന്നു. പിന്നീട് എല്ലാ സൗകര്യങ്ങളും അവരാണ് ചെയ്തത്. ‘ കിഷന്‍ പറഞ്ഞു.

‘ ഞങ്ങള്‍ അതിര്‍ത്തിയ്ക്ക് അടുത്തുള്ളവരായതിനാല്‍ ആദ്യഘട്ടത്തില്‍ തന്നെ ബോര്‍ഡറില്‍ എത്താന്‍ കഴിഞ്ഞു. ആ സമയത്ത് വലിയ തിരക്കുകളുണ്ടായിരുന്നില്ല. എംബസി അധികൃതര്‍ ഇടപെട്ട് ഏര്‍പ്പാടാക്കിയ ബസില്‍ റൊമാനിയന്‍ എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സുരക്ഷിതമായി എത്തിച്ചു. 26ാം തിയ്യതി റൊമാനിയയില്‍ നിന്നും എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെയായിരുന്നു. 27ാം തിയ്യതി രാവിലെ ഡല്‍ഹിയില്‍ നിന്നും നെടുമ്പാശേരിയിലേക്കും അവിടെ നിന്നും ബസില്‍ നാട്ടിലേക്കും തിരിച്ചു.’

ഉക്രൈനികളും വിദേശീയരുമായ ഒരുപാട് പേര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കിഷന്‍ തിരിച്ചുവന്നത്. അവിടെയുള്ള അധ്യാപകരുടെയും സ്വദേശീയരുടെയുമെല്ലാം വാക്കുകളില്‍ ഭീതിയാണ്. ഉക്രൈനില്‍ നിന്നുള്ള പലരും ഇപ്പോഴത്തെ താമസസ്ഥലത്തുനിന്നും വീടുകളിലേക്ക് മടങ്ങി. സുരക്ഷിതത്വത്തെക്കുറിച്ച് അവര്‍ക്ക് വലിയ ആശങ്കയുണ്ട്. പക്ഷേ, കുടുംബത്തിനരികില്‍ എത്തുകയെന്നതല്ലാതെ മറ്റുവഴിയൊന്നും അവര്‍ക്കു മുന്നിലില്ല. വിദേശീയരില്‍ പലരും സ്വന്തം നിലയ്ക്ക് നാടുകളിലേക്ക് എത്താന്‍ ശ്രമം നടത്തുന്നത്. നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലും ഇവരെയെല്ലാം കുറിച്ചോര്‍ത്ത് ആധിയുണ്ടെന്നും കിഷന്‍ പറയുന്നു.