അരിക്കുളത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്


കൊയിലാണ്ടി: അരിക്കുളത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പേരാമ്പ്ര സ്വദേശി അരുണിനും കുരുടി വീട് സ്വദേശി റഫീഖിനുമാണ് അപകടം സംഭവിച്ചത്.

 

കൊയിലാണ്ടിയിൽ നിന്ന് അരിക്കുളത്തേക്ക് പൊയ്ക്കൊണ്ടിരുന്ന ബുള്ളറ്റും കൊയിലാണ്ടി ഭാഗത്തേക്ക് വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ചാലിൽ മുക്കിലെ ഇറക്കത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവർ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ അരുൺ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ യാത്രികൻ റഫീഖിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് സംഭവ സ്ഥലം സന്ദർശിച്ച് നടപടികൾ ചെയ്തു വരുകയാണ്.