മൂടാടിയില്‍ വാഹനങ്ങള്‍ക്കുള്ള രണ്ട് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജം, കൊയിലാണ്ടി ടൗണില്‍ മാത്രമായി മൂന്നിടങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളോട് ചേര്‍ന്ന് ചാര്‍ജിങ് സൗകര്യം; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളത്തിന് ഹരിതോര്‍ജം പദ്ധതിയുടെ ഭാഗമായി മൂടാടി സെക്ഷന്‍ പരിധിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത് രണ്ട് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സൗരോര്‍ജ്ജ നിലയങ്ങളും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ശൃംഖലയും ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂടാടിയിലും ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

മൂടാടി കെ.എസ്.ഇ.ബി ഓഫീസിന്റെ അടുത്തും 17ാം മൈലിലുമാണ് നിലവില്‍ ചാര്‍ജിങ് സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. ഒരേസമയത്ത് ഒരു വാഹനത്തിന് മാത്രം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ചെറിയ സ്റ്റേഷനുകളാണിതെന്ന് മൂടാടി സെക്ഷന്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഹരിതകേരളത്തിന് ഹരിതോര്‍ജ്ജം പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം ഇന്ന് വൈകുന്നേരം രാമനാട്ടുകരയിലെ 33 കെ.വി സബ്‌സ്റ്റേഷന്‍ പരിസരത്താണ് നടക്കുന്നത്. ഇതിനു പിന്നാലെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്.

മൂടാടിയിലെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ കെ.എസ്.ഇ.ബി കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും സോഫ്റ്റുവെയര്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ സ്റ്റേഷന്‍ ഉപയോഗിക്കാമെന്നും മൂടാടി എ.ഇ പറഞ്ഞു.

അതേസമയം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സെക്ഷന്‍ പരിധിയിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കന്നൂരില്‍ ചാര്‍ജിങ് സ്റ്റേഷനായും കൊയിലാണ്ടിയില്‍ മൂന്നിടങ്ങളില്‍ പോളുകളില്‍ കണക്ട് ചെയ്ത സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളതെന്ന് കൊയിലാണ്ടി എ.ഇ പറഞ്ഞു. പെട്രോള്‍ പമ്പിന് സമീപം മുന്നാര്‍ കണ്‍വെന്‍ഷന്‍ സെന്ററിനരികിലും, ബപ്പന്‍കാട് അണ്ടര്‍പാസിനടുത്തും റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ബോയ്‌സ് ഹൈസ്‌കൂളിന് സമീപവുമാണ് പോള്‍ കണക്ടഡ് ആയിട്ടുള്ള ചാര്‍ജിങ് സ്‌റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്.