കുറ്റ്യാടിക്ക് ചുറ്റുമുണ്ട്, മനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളെയും കാത്തിരിക്കുന്ന നിരവധി സ്ഥലങ്ങള്‍; കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ പണച്ചിലവില്‍ പോയിവരാന്‍ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…


കുറ്റ്യാടി: നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ.

കോഴിക്കോട് ജില്ലയിലൂടെയുള്ള സര്‍ക്കീറ്റുകളില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെത്തന്നെയാണ്. യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം സ്ഥലങ്ങളെയും. അതോടൊപ്പം അടുത്ത യാത്രാ കലണ്ടറില്‍ ചേര്‍ക്കാം ഇവയെക്കൂടെ.

ജാനകിക്കാട്:

കുറ്റ്യാടിയില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെ. മനസ്സു നിറയെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള കാഴ്ചകളാണ് കുറ്റ്യാടിപ്പുഴക്ക് കുറുകെയുള്ള ചവറമ്മുഴി പാലത്തിനപ്പുറം ജാനകിക്കാട് കാത്തുവയ്ക്കുന്നത്. കാടിന്റെ തനത് ഭംഗി പകര്‍ന്നുതരാന്‍ തക്കവണ്ണം ഇവിടം അത്രമേല്‍ സൗന്ദര്യമാണ്.

പെരുവണ്ണാമൂഴി ഡാം ആന്റ് റിസര്‍വോയര്‍:

കുറ്റ്യാടിക്ക് 14.7 കിലോമീറ്റര്‍ അപ്പുറം കുറ്റ്യാടിപ്പുഴയ്ക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ട്. പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഈ ജലസംഭരണിയിലെ ഒരു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. മുതല വളര്‍ത്തു കേന്ദ്രവും മനോഹരമായ ഉദ്യാനങ്ങളും ഇവിടം കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ഉറിതൂക്കിമല ട്രക്കിംഗ് സ്‌പോര്‍ട്ട്:

കുറ്റ്യാടിയില്‍ നിന്ന് 15.3 കിലോമീറ്റര്‍ അകലെ കരിങ്ങാട് എന്ന മലയോര ഗ്രാമത്തില്‍, മഴക്കാലത്ത് കോട പുതച്ച് നില്‍ക്കുന്ന മനോഹാരിതയും വേനല്‍ക്കാലത്ത് കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന മലയോര ഭംഗിയും ആസ്വദിക്കാം. മികച്ച ട്രക്കിങ്ങ് സ്‌പോര്‍ട്ടും ഓഫ് റോഡും അവിടേക്കുള്ള യാത്രയില്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു.

പൂഴിത്തോട് വില്ലേജ് ലൈഫ്:

കുറ്റ്യാടിയില്‍ നിന്ന് 10.9 കിലോ മീറ്റര്‍ അകലെയുള്ള ഒരുവശത്ത് കടുന്തറ പുഴയും മറുവശത്ത് വയനാട് വനവും. മനസ്സിന് കുളിര്‍മ്മയേകാന്‍ പാറക്കെട്ടുകളും പുഴയും കാടും.

ചാപ്പന്‍തോട്ടം വെള്ളച്ചാട്ടം:

കുറ്റ്യാടിയില്‍ നിന്ന് 10.4 കിലോമീറ്റര്‍ ദൂരത്തില്‍. ഉയരങ്ങലില്‍ നിന്നും നിലം പതിക്കുന്ന വെള്ളത്തുള്ളികള്‍, അതില്‍ വിരിയുന്ന മഴവില്ല് തുടങ്ങി ഇവിടം നമുക്ക് ആസ്വദിക്കാം പ്രകൃതിയുടെ അനന്തമായ മനോഹാരിത.

summary: let’s get to know five tourist spots in kuttyadi