കരുവണ്ണൂരിൽ നിന്നും ടൂറിസ്റ്റ് ബസ് കടത്തിക്കൊണ്ടുപോയ കേസ്; അരിക്കുളം സ്വദേശിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍


നടുവണ്ണൂര്‍: കരുവണ്ണൂരിന് സമീപം ആഞ്ഞോളിമുക്കില്‍ നിന്ന് ടൂറിസ്റ്റ് ബസ് കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരുവണ്ണൂര്‍ കളയന്‍കുളത്ത് കെ.കെ രജീഷ് (39), അരിക്കുളം ചാത്തന്‍വള്ളി മുഹമ്മദ് ജാസില്‍ (23) എന്നിവരെയാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി.ജംഷീദ് അറസ്റ്റ് ചെയ്തത്.

കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെതാണ് ബസ്. ജൂണ്‍ 26ന് അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. ഷെഡില്‍ നിര്‍ത്തിയിട്ട ബസ് പ്രതികള്‍ കടത്തികൊണ്ടുപോവുകയായിരുന്നു. പോകുന്ന വഴിയില്‍ കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസലടിച്ചു. പണം നല്‍കാതെ പേരാമ്പ്ര ഭാഗത്തേക്ക് ബസ് ഇരുവരും ഓടിച്ചുപോയി. സാധാരണ ഡീസലടിക്കാന്‍ വരുന്ന ബസ് ആയതിനാല്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഉടമയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

പിന്നാലെ ഉടമ പിന്തുടര്‍ന്നെത്തി കൈതക്കലില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ ബസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. എസ്.ഐ പി.ഷമീര്‍, എസ്.ഐ എം കുഞ്ഞമ്മദ്, സിപിഒമാരായ കെ.കെ ജയേഷ്, സിഞ്ജുദാസ്, മണിലാല്‍, ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.