മരം വീണ് ഗതാഗതം തടസ്സപെട്ടു; പന്ത്രണ്ട് കിലോമീറ്റർ നടന്ന് കൊയിലാണ്ടിയിലെ അത്‌ലറ്റിക് ക്യാമ്പിലെത്തി മൂന്ന് പെൺകുട്ടികൾ

കൊയിലാണ്ടി: ‘അയ്യോ, വണ്ടിയൊന്നും പോകുന്നില്ലേ? ഇനിയെങ്ങനെ ഗ്രൗണ്ടിലെത്തും? കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന അത്ലറ്റിക്സ് ക്യാമ്പിൽ പങ്കെടുക്കാനിറങ്ങിയ പെൺകുട്ടികൾ ആദ്യം ഒന്ന് സംശയിച്ചെങ്കിലും, പിന്നീട് മൂവരും ഒരു തീരുമാനത്തിലെത്തി, നടക്കുക. ദൂരം ചില്ലറയൊന്നുമല്ലെന്നറിയാമെങ്കിലും പിന്നോട്ടില്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നു’. ദേശീയപാതയിൽ മരം വീണാണ് ഗതാഗതം തടസ്സപ്പെട്ടത്.

ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിലാണ് ദേശീയപാതയിൽ പൊയിൽക്കാവിൽ കൂറ്റൻമരം കടപുഴകി വീണത്. അതുവഴി പോകുകയായിരുന്ന ചരക്ക് ലോറി മരത്തിനടിയിൽപ്പെട്ടു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വലിയ മരമായതിനാൽ റോഡിൽ നിന്നും നീക്കാൻ ഏറെ സമയമെടുത്തിരുന്നു.

എലത്തൂർ സി. എം. സി. ഹൈ സ്കൂളിലെ വിദ്യാർത്ഥികളായ അനുശ്രീത, സൻമായ, ദേവാനന്ദ എന്നീ കുട്ടികൾ ക്യാമ്പിലേക് വരുമ്പോഴാണ് ഗതാഗതം തടസ്സപ്പെട്ടത്. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനും നഗരസഭയും ചേർന്ന് സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പിലേക്കെത്താനാണ് കനത്ത മഴയെയും തടസ്സങ്ങളെയുയും അവഗണിച്ച് കുട്ടികൾ അവശത്തോടെത്തുന്നത്.

പെൺകുട്ടികൾ എത്തുമ്പോഴേക്കും ക്യാമ്പ് കഴിഞ്ഞിരുന്നുവെങ്കിലും കുട്ടികളുടെ അർപ്പണ ബോധത്തെയും കായിക താല്പര്യത്തെയും ക്യാമ്പിൽ പ്രത്യേകമായി പ്രശംസിച്ചു.