ഇനിയില്ല ആ ജനശബ്ദം; പ്രിയപ്പെട്ട നേതാവ് യു രാജീവൻ മാസ്റ്റർക്ക് പ്രണാമവുമായി ആയിരങ്ങൾ ( ചിത്രങ്ങൾ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടിയുടെ വികസന രാഷ്ട്രീയത്തിൽ സങ്കുചിത കക്ഷിരാഷ്ടീയ ചിന്തകൾക്കതീതമായി ജനപക്ഷത്തിന്റെ ശബ്ദമായിരുന്ന രാജീവൻ മാസ്റ്റർ ഇനി ഓർമ്മകളിൽ. ഇന്ന് പുലർച്ചയെ നാലരയോടെ അന്തരിച്ച തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ എത്തി. മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടു പറമ്പില്‍ സംസ്‌ക്കരിക്കും.

മൃതദേഹം വിവിധ ഇടങ്ങളിൽ പൊതുദർശനത്തിനു വച്ചിരുന്നു. രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് ഡി.സി.സി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായി കൊയിലാണ്ടി ടൗണ്‍ഹാളിലേക്ക് കൊണ്ടു വരുകയായിരുന്നു. രാജീവൻ മാസ്റ്റർ അധ്യാപകനായിരുന്ന പുളിയഞ്ചേരി സ്കൂളിലും പൊതുദര്‍നത്തിനു വച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയരംഗത്തെ പ്രമുഖർ എത്തിയിരുന്നു. ടി.സിദ്ധിഖ് എം.എൽ.എ കാനത്തിൽ ജമീല എം.എൽ.എ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

ഏതൊരാവശ്യത്തിനും ജനങ്ങളോടൊപ്പം നില്ക്കാൻ തയ്യാറായിരുന്നു രാജീവൻ മാസ്റ്ററെ അവസാനമായി ഒരു നോക്ക് കാണുവാൻ എത്തിയത് നിയന്ത്രാതീതമായ ജനപ്രവാഹമായിരുന്നു.

കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനംഗത്ത് കഴിവുതെളിയിച്ചത്.  കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം,കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു യൂ.രാജീവന്‍. രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായിരുന്നു.

കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. ബാങ്കിന്റെ ശാഖകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനും മുന്‍കൈ എടുത്തു.കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ദാസന്‍ ചെയര്‍മാനായിരിക്കെ സ്ഥിരം സമിതി അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അർബുദ ബാധയെ തുടർന്നുള്ള ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് ഇന്ന് പുലര്‍ച്ച നാലരയോടെ മരണം സംഭവിക്കുകയായിരുന്നു.