രാത്രി വെറുതെ ഒന്ന് പുറത്തിറങ്ങിയത് മരണത്തിലേക്ക്; അയനിക്കാട് സ്വദേശി സുനീറിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് ; സംസ്‌കാരം നാളെ



തിക്കോടി:
പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണവും കഴിച്ച് ഒമ്പതുമണിയോടെ വീട്ടില്‍ നിന്നറങ്ങിയതാണ് സുനീര്‍. പിന്നീട് വീട്ടുകാര്‍ അറിഞ്ഞത് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ് എന്ന വാര്‍ത്തയാണ്. സുനീര്‍ ഇനി തിരിച്ചുവരില്ലയെന്ന് കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അയനിക്കാട് ചൊറിയന്‍ചാല്‍ തിക്കോടി പടിഞ്ഞാറേ കുന്നുമ്മല്‍ സുനീറിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രണ്ടാംഗേറ്റ് വഴി റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച സുനീറിന്റെ സ്‌കൂട്ടര്‍ മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ സുനീറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. സി.ടി.സ്‌കാന്‍ എടുക്കാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നാളെ നടക്കുമെന്നാണ് ബന്ധുക്കളെ അറിയിച്ചത്.

കുറച്ചുവര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് സുനീര്‍. മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. അയനിക്കാട് ബിസ്മനഗറില്‍ ചിക്കന്‍ കടയില്‍ ജോലി ചെയ്യുകയാണിപ്പോള്‍. കുറച്ചുദിവസങ്ങള്‍ കൂടി കുടുംബത്തോടൊപ്പം ചെലവഴിച്ച് തിരിച്ച് ഗള്‍ഫിലേക്ക് പോകാനായിരുന്നു പദ്ധതി.

സമീറയാണ് സുനീറിന്റെ ഭാര്യ. പതിനാറും പന്ത്രണ്ടും വയസുള്ള നിഹാല്‍, ഫാത്തിമ എന്നിവര്‍ മക്കളാണ്. തിക്കോടി ബീച്ചിലെ പരേതനായ അബ്ദുല്‍ കരീമിന്റെയും സഫിയയുടെയും മകനാണ്. മുനീര്‍, നസീര്‍, സുഹൈദ്, മുബീന എന്നിവര്‍ സഹോദരങ്ങളാണ്.
[bot1]