ഗുളികനായും കുട്ടിച്ചാത്തനായും കെട്ടിയാടാന്‍ ഇനിയില്ല ; പയ്യോളി അങ്ങാടിക്കാര്‍ക്കിനി കുഞ്ഞിക്കണാരന്റെ തിറയില്ലാത്ത ഉത്സവകാലം


പയ്യോളി: തെയ്യം കലാകാരന്‍ തുറയൂര്‍ കിഴക്കാനത്തും മുകളില്‍ കുഞ്ഞിക്കണാരന്‍ പണിക്കരുടെ വിയോഗത്തോടെ ഗുളികനായും കുട്ടിച്ചാത്തനായും വര്‍ഷങ്ങളായി കെട്ടിയാടിയ തങ്ങളുടെ പ്രിയപ്പെട്ട ‘ദൈവത്തെ’ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പയ്യോളി അങ്ങാടിക്കാര്‍. നാല്‍പ്പത് വര്‍ഷത്തോളമായി പയ്യോളിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടുന്നുണ്ട് അദ്ദേഹം. അദ്ദേഹമില്ലാത്ത ഒരു ഉത്സവകാലത്തെ വരവേല്‍ക്കേണ്ടിവരുന്നതിന്റെ വേദനയിലാണ് സുഹൃത്തുക്കളും നാട്ടുകാരും.

പയ്യോളി കൊഴപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ കാലങ്ങളായി ഗുളികന്‍ തെയ്യം കെട്ടിയാടുന്നത് കുഞ്ഞിക്കണാരനാണ്. ഇവിടുത്തെ പ്രധാന ഉത്സവ ചടങ്ങുകളിലൊന്നായ ഗുരുസി നടത്തിയിരുന്നതും അദ്ദേഹമായിരുന്നു. കുംഭം 12നാണ് ഇവിടെ ഉത്സവം നടക്കാറുള്ളത്. ഇത്തവണ ഉത്സവമെത്തുംമുമ്പാണ് അദ്ദേഹത്തിന്റെ വിയോഗം.
mid2]

കരയക്കണ്ടി ക്ഷേത്രത്തില്‍ അദ്ദേഹം കെട്ടിയാടാറുള്ള കുട്ടിച്ചാത്തന്‍ തിറയും നാട്ടുകാര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ കൊല്ലം വരെ കലാരംഗത്ത് സജീവമായിരുന്നു അദ്ദേഹം. എന്നാല്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ഈ വര്‍ഷം തിറയാട്ടത്തിനൊന്നും പോയിരുന്നില്ല. ഡയാലിസിസും മറ്റുമായി ചികിത്സയുടെ തിരക്കിലായിരുന്നു ഇതുവരെ.

പാരമ്പര്യമായി തെയ്യം കലാരംഗത്ത് എത്തിയതാണ് കുഞ്ഞിക്കണാരന്‍. തന്റെ പാരമ്പര്യംകാക്കാന്‍ മകന്‍ പ്രബീഷ് കലാരംഗത്തുണ്ടെന്ന ആശ്വാസത്തോടെയാണ് അദ്ദേഹത്തിന്റെ മടക്കം.