പൂട്ട് തകർത്ത് അകത്തു കയറി, സി.സി.ടി.വി ക്യാമറകൾ അടിച്ചു തകർത്തു; പയ്യോളി അയനിക്കാട് വിവിധ കടകളിൽ മോഷണം, മോഷ്ടാക്കൾ കവർന്നത് രണ്ട് ലക്ഷത്തോളം രൂപ


പയ്യോളി: അയനിക്കാട് ദേശീയപാതയോരത്തെ കടകളിൽ പരക്കെ മോഷണം. ആറ് കടകളിൽ നടത്തിയ മോഷണത്തിൽ രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായി. കട തുറക്കാനെത്തിയ ആളാണ് മോഷണം നടന്നതായി മനസിലാക്കിയത്. തുടർന്ന് പോലീസിൽ വിവിരം അറിയിക്കുകയായയിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം.

ദേശീയപാതയിൽ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള ഇഷ ടവറിൽ പ്രവർത്തിക്കുന്ന എഫ് കെ ബ്രാൻ്റ് ഫാക്ടറി ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലയൻസസ്, ഇതേ കെട്ടിടത്തിൽ സമീപത്തുള്ള പയ്യോളി ഓട്ടോ സ്കാൻ വാഹനപുക പരിശോധന കേന്ദ്രം, ഫെയ്മസ് ബേക്കറി, അയനിക്കാട് പോസ്റ്റാഫീസിന് സമീപത്തെ പ്ലാസ ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്.

എഫ്. കെ. ബ്രാൻഡ് ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലയൻസസ് കടയുടെ ഷട്ടറിൻ്റെ പൂട്ടും ഗ്ലാസും തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സ്ഥാപനത്തിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ മോഷ്ടാക്കൾ കവർന്നു. കൂടാതെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും തകർത്ത ശേഷം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്. ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ പോലുള്ള വീട്ടുപകരണങ്ങൾ തുറന്നു പരിശോധിച്ചിട്ടുണ്ട്. ഗ്ലാസ് വാതിൽ തുറക്കുന്നതിന് ഉപയോഗിച്ച നീളമുള്ള കമ്പിയും കട്ടർ പ്ലയറും ഇവിടെ തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ പോയത്..

ഓട്ടോ സ്കാൻ വാഹനപുക പരിശോധന കേന്ദ്രത്തിൽ നിന്ന് 1500 രൂപയാണ് മോഷണം പോയത്. പ്രവർത്തിക്കാതെ അടച്ചിട്ടിരുന്ന ഫെയ്മസ് ബേക്കറിയിൽ മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പ്ലാസ ഹോട്ടലിലെ രണ്ട് ക്യാമറകൾ തകർത്ത ശേഷം പാലിയറ്റീവ് കേന്ദ്രത്തിൻ്റെ പണമടങ്ങിയ സംഭാവന പെട്ടി മോഷ്ടാക്കൾ കൊണ്ടുപോയി. പൂട്ട് തകർത്താണ് മോഷ്ടാക്കൾ കടകളുടെ അകത്ത് കയറിയത്.

സംഭവത്തിൽ പയ്യോളി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ മാരായ ജ്യോതി ബസു, തങ്കരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: Theft in various shops in Payyoli Ayanikad, thieves stole more than two lakh rupees