ട്രെയിനിന്റെ ഡോറിനടുത്തിരുന്ന് യാത്ര ചെയ്യവെ തെറിച്ചുവീണു; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു


പയ്യോളി: മൂരാട് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ എരുവട്ടി കാപ്പുമ്മല്‍ ബദരിയാ മന്‍സിലില്‍ അഷ്‌റഫിന്റെ മകന്‍ സിറാജ് അഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിയേഴ് വയസായിരുന്നു.

കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരന്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് രാത്രി തന്നെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

ഇയാള്‍ വീണ ഡോറിന് അരികില്‍ നിന്നും ലഭിച്ച ബാഗിലുണ്ടായിരുന്ന ആധാര്‍കാര്‍ഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇരിങ്ങള്‍ റെയില്‍വേ ഗേറ്റിന് 20 മീറ്റര്‍ വടക്കുഭാഗത്തായാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാളത്തിന് കിഴക്ക് കുറ്റിക്കാടുകള്‍ക്ക് ഇടയിലായിരുന്നു മൃതദേഹം. വിവിധയിടങ്ങളില്‍ ഷവര്‍മ മേക്കറായി ജോലി നോക്കുകയായിരുന്നു ഇയാള്‍. അവിവാഹിതനാണ്.

പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം വടക ജില്ലാ ഗവ.ആശുപത്രിയിലേക്ക് മാറ്റി.

summary: The youth found dead near the eringal railway gate has been identified