‘ഇനി അവനെ ഒരിക്കൽ കൂടി കാണാനാവുമോ’; ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി ലത്തീഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാവുമോ എന്ന ആശങ്കയിൽ കുടുംബം


കൊയിലാണ്ടി: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി വാണികപീടികയില്‍ ലത്തീഫിനെ അവസാനമായി ഒരു നോക്കു കാണാൻ കഴിയുമോ എന്നറിയാതെ കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള പേപ്പറുകൾ ശരിയാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

മൂന്നാം തീയ്യതി രാവിലെ ഷാര്‍ജയിലെ സജയില്‍ ഉണ്ടായ അപകടത്തിലാണ് ലത്തിഫും മലയാളിയായ മറ്റൊരു സുഹൃത്തും മരണപ്പെടുന്നത്. ഇവർ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

പോലീസ് റെക്കോർഡ്സിൽ മരണത്തിനിടയാക്കിയത് വാഹനാപക അപകടമാണെന്നാണ്. എന്നാൽ ഡോക്ടർ ഹൃദയാഘാതമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് മൃതദേഹം വിട്ടു കിട്ടുന്നതിന് തടസം നേരിടുന്നതായി ബന്ധു ജെറീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ശനിയും ഞായറും പൊതു അവധി ആയതിനാൽ ഇനി തിങ്കളാഴ്ചയെ എന്തെങ്കിലും നടക്കുള്ളൂ. അതിനാൽ ചിലപ്പോൾ മൃതദേഹം അവിടെ സംസ്ക്കരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി വിദേശത്താണ് ലത്തീഫ് . മകളുടെ വിവാഹത്തിന് ശേഷം വിസിറ്റിംഗ് വിസയിൽ വീണ്ടും പോയതാണ്. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിന് പോകുന്നതിനിടയിലാണ് അപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്. നാൽപ്പത്താറുകാരനായ ലത്തിഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.

ആയിഷയാണ് ഭാര്യ. അനസ്, അനിസ്, അൻസില എന്നിവർ മക്കളാണ്. ഷാഹുൽ മരുമകനാണ്.