‘വീട്ടുകാര്യങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമുള്ള പണത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിലുറപ്പിനെയാണ്; ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തിയെന്ന കേന്ദ്ര ഉത്തരവിൽ പ്രതിസന്ധിയിലായി കൊയിലാണ്ടി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ


കൊയിലാണ്ടി: ‘തൊഴിലുറപ്പിലൂടെ ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് വീട്ടിലെ കാര്യങ്ങൾ ഉൾപ്പെടെ നടന്നു പോകുന്നത്. സ്വന്തമായി വരുമാനമുള്ളതിനാൽ സ്ത്രികൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ നടത്താൻ സാധിക്കുന്നുണ്ട്. എന്നാൽ പുതിയ ഉത്തരവിനെ തുടർന്ന് എല്ലാവരും ആശങ്കയിലാണെന്ന്’ തൊഴിലുറപ്പ് തൊഴിലാളി ബിന്ദു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘പഞ്ചായത്തിലുൾപ്പുന്നവരെയാണ് പുതിയ ഉത്തരവ് ബാധിക്കുക. നിലവിൽ നൂറ് തൊഴിൽ ദിനങ്ങൾ കിട്ടിക്കൊണ്ടിരുന്ന അവർക്ക് എത്ര തൊഴിൽ എടുക്കാൻ സാധിക്കുമെന്നറിയില്ല. വീട്ടുകാര്യങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലുറപ്പിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. അവരെല്ലാം ആശങ്കയിലാണ്, മുന്നോട്ട് എങ്ങനെ പോകുമെന്നറിയാതെ. പ്രായഭേദമന്യേ നിരവധി പേർ ജോലിക്ക് വരുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലുറപ്പിന് എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് വന്നിരുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ രാജ്യം വീണ്ടും പട്ടിണിയിലേക്ക് പോകുമെന്നും’ ബിന്ദു പറഞ്ഞു.

‘സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഭർത്താവിനെ ചെറുതായെങ്കിലും സഹായിക്കാൻ എനിക്കും സാധിച്ചിരുന്നു. തൊഴിലുറപ്പിന് പോയതിലൂടെയാണ് എനിക്കു വരുമാനം ലഭിച്ചത്. കൊവിഡ് പ്രതിസന്ധിയിലും കൂട്ടായത് തൊഴിലുറപ്പാണ്. തൊഴിൽ ദിനങ്ങൾ കുറയുന്നതോടെ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. അത് എങ്ങനെ തരണം ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് എന്നുള്ള സങ്കടം മൂടാടി സ്വദേശിനി ശ്രീജ പങ്കുവെച്ചു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നുമുതൽ ഓരോ ഗ്രാമപ്പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽക്കിയത്. സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വാർഡുകളാണുള്ളത്. ഇപ്പോൾ എല്ലാവാർഡുകളിലും ഒരേസമയം വിവിധജോലികൾ നടക്കുന്നുണ്ട്. എന്നാൽ, ഓഗസ്റ്റ് ഒന്നുമുതൽ 20-നു മേൽ വാർഡുകൾ ഉള്ള പഞ്ചായത്തുകളിൽ ഏതെങ്കിലും മൂന്നുവാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ പ്രകാരം ഇവരെ പിന്നീട് ഉൾപ്പെടുത്താനാകുമെങ്കിലും സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന തൊഴിൽ നിഷേധിക്കേണ്ടിവരും. 25,90,156 പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ടീവ് വർക്കർമാർ. 310.11 രൂപയാണ് ഒരുദിവസത്തെ കൂലി.

കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് നടപ്പാക്കേണ്ടി വന്നാൽ ഗ്രാമീണ മേഖലയിൽ ഒരു കുടുംബത്തിന് പ്രതി വർഷം 100 തൊഴിൽ ദിനങ്ങൾ നൽകണമെന്ന തൊഴിലുറപ്പ് നിയമം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയാണ്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കിയ തൊഴിലുറപ്പു നിയമം കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.