ബസിനെ ‘ആംബുലന്‍സാക്കി’ കുതിച്ചു; കുഴഞ്ഞുവീണ യാത്രക്കാരിയെ താലൂക്ക് ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടിയിലെ ശ്രീറാം ബസിലെ ജീവനക്കാര്‍ (വീഡിയോ കാണാം)കൊയിലാണ്ടി: ബസില്‍ കുഴഞ്ഞുവീണ യുവതിയെ രക്ഷിക്കാന്‍ ബസ് ‘ആംബുലന്‍സാക്കി’ താലൂക്ക് ആശുപത്രിയിലേക്ക് വിട്ട് കൊയിലാണ്ടിയിലെ ശ്രീറാം ബസിലെ ജീവനക്കാര്‍. മൂടാടി സ്വദേശിനിയായ യുവതിയാണ് കുഴഞ്ഞുവീണത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു ബസ്. മൂടാടിയില്‍ നിന്നും ബസില്‍ കയറിയ ഇവര്‍ വെള്ളത്തിന് ആവശ്യപ്പെടുകയും വെള്ളം കൊടുത്തതിനു പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.

കൂടുതലൊന്നും ചിന്തിക്കാതെ ജീവനക്കാര്‍ ഉടന്‍ തന്നെ യുവതിയേയും കൊണ്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍ എത്തുംവരെ കൂട്ടുനില്‍ക്കാന്‍ ബസിലെ കണ്ടക്ടറുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് യുവതിയുടെ സഹോദരി എത്തിയതിനു പിന്നാലെയാണ് കണ്ടക്ടര്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചുപോന്നത്. യുവതിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടശേഷം വൈകുന്നേരത്തോടെ ആശുപത്രി വിടുകയും ചെയ്തു.