പനച്ചിക്കുന്നിലെ നൂറോളം കൂടുംബങ്ങൾക്ക് ആശ്രയമായ ഏക റോഡ് കനത്തമഴയിൽ കാൽനടപോലും സാധ്യമാവാത്ത രീതിയിൽ ചെളിക്കുളമായി; പ്രയാസമേറിയതോടെ താത്കാലിക പരിഹാരം കണ്ടെത്തി ഉദ്യോഗസ്ഥർ


കൊയിലാണ്ടി: കാൽനടയ്ക്കോ ഗതാഗതത്തിനോ അസാധ്യമായ രീതിയിൽ ചളിക്കുളമായ പനച്ചിക്കുന്ന് മരളൂർ റോഡിനു താത്കാലികമായ പരിഹാരം. ദേശീയപാത ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായാണ് റോഡ് ചളിക്കളമായത്. വിവരം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും താത്കാലികമായി യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള വഴി ഒഒരുക്കുകയും ചെയ്തു.

തഹസിൽദാർ മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദർശിച്ചത്. നിർമ്മാണം ഏറ്റെടുത്തു നടത്തുന്ന വഗാഡ് കമ്പനി എഞ്ചിനീയറെ സ്ഥലത്തേക്ക് വിളിപ്പിച്ച് പ്രശ്നപരിഹാരത്തെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. യാത്രക്കാർക്ക് താത്കാലികമായി നടക്കാനും വാഹനം പോകാനുമുള്ള സൗകര്യം ഉണ്ടാക്കിയതായി തഹസിൽദാർ മണി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കനത്ത മഴ മാറുന്ന സാഹചര്യത്തിൽ മറ്റു പരിഹാരങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് പനച്ചിക്കുന്ന് റോഡ് ചെളിക്കുളമായി മാറിയത്. നടക്കാനോ വാഹനമോടിച്ചു പോകാനോ പോലും സാധിക്കാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുകയാണ് പനച്ചിക്കുന്ന് നിവാസികൾ. പനച്ചിക്കുന്ന് ഭാ​ഗത്തെ നൂറോളം കൂടുംബങ്ങൾക്ക് ആശ്രയമായിരുന്ന ഏക റോഡാണ് കനത്തമഴയിൽ കാൽനടപോലും സാധ്യമാകാത്ത തരത്തിൽ ചെളിക്കുളമായത്.

പനച്ചിക്കുന്ന് ഭാ​ഗത്ത് ഒരുവശത്ത് റെയിൽവേ ട്രാക്കും മറുവശത്ത് ദേശീയപാതയുമാണ്. ദേശീയപാതയിലേക്കെത്താൻ പനിച്ചിക്കുന്ന് റോഡിനെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ നന്തി -ചെങ്ങോട്ട്കാവ് ബെെപ്പാസ് ഈ റോഡിന്റെ നടുവിലൂടെ കടന്നുപോകുന്നതിനാൽ ബെെപ്പാസ് നിർമ്മാണത്തിനായി റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുറിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഗതാഗതത്തിനായി താൽക്കാലിക സംവിധാനം ഉണ്ടാക്കുകയായിരുന്നു.

​താത്ക്കാലികമായി ഒരുക്കിയ വഴിയിൽ കരാർ കമ്പനി വീണ്ടും മണ്ണിട്ടത്തിനു പിന്നാലെ മഴയും പെയ്തതോടെ റോഡ് ചെളിക്കുളമാവുകയായിരുന്നു. നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ് റോഡ് ഇപ്പോൾ. വിദ്യാർത്ഥികളും ജോലിക്കാരും ഉൾപ്പെടെ ഏറെ പേരാണ് ഇവിടം ആശ്രയിക്കുന്നത്. പ്രായമായവരെയും ​രോ​ഗികളെയും ആശുപത്രിയിലെത്തിക്കുന്നതിന് ഏറെ പ്രയാസം നേരിടുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ വഴിയിലെ ചെളിയിൽ താഴ്ന്നുപോവാറുമുണ്ട്.

മഴ കഴിയുന്നതുവരെ നിർമ്മാണ പ്രവൃത്തി നിർത്തിവെക്കണമെന്നാണ് മരളൂർ ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. ഇത് വഴി കടന്നു പോകുന്നവർക്ക് ഇതിപ്പോൾ സാഹസിക യാത്രയാണ്.