കുറുവങ്ങാട് ചെട്ട്യാര്‍തൊടി ശ്രീ മുത്തപ്പന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി-തിറ മഹോത്സവും പ്രതിഷ്ഠാദിന ആഘോഷവും; കൊടിയേറ്റം മാര്‍ച്ച് 19ന്


കൊയിലാണ്ടി: കുറുവങ്ങാട് ചെട്ട്യാര്‍തൊടി ശ്രീ മുത്തപ്പന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി-തിറ മഹോത്സവവും പ്രതിഷ്ഠാദിന ആഘോഷവും മാര്‍ച്ച് പതിനെട്ട് മുതല്‍ 22 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. മാര്‍ച്ച് പതിനെട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മേപ്പാട് ഇല്ലം സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാദിന പൂജ നടക്കും. അന്നേദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ അന്നദാനമുണ്ടായിരിക്കും. കലവറ നിറയ്ക്കലിനും ദീപാരാധനയ്ക്കും ശേഷം അന്നത്തെ പരിപാടികള്‍ അവസാനിക്കും.

മാര്‍ച്ച് 19നാണ് കൊടിയേറ്റം. ക്ഷേത്രം ശാന്തി കാളിയാര്‍മഠം ബബീഷ് നന്ദനാഥ് ഇയ്യഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടക്കുക. 11 മണിക്ക് കാവുതീണ്ടല്‍, 11.30ന് മുത്തപ്പന്റെ മുതുവെള്ളാട്ട്, 12.30ന് അന്നദാനം, 4.30ന് കലംകരി (പൊങ്കാല), 6.30ന് ദീപാരാധന, 7.30ന് തിരുവാതിരക്കളി തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

മാര്‍ച്ച് 20: രാവിലെ 6.30ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചയ്ക്ക് 12.30 സമൂഹസദ്യ, വൈകുന്നേരം 6.30ന് ദീപാരാധന, 7 മണിക്ക് മുത്തപ്പന്റെ വെള്ളാട്ട്, 8.30ന് ഗുരുവിന്റെ വെള്ളാട്ട്, 10 മണിക്ക് ചാമുണ്ഡേശ്വരി വെള്ളാട്ട്, 11 മണിക്ക് നാഗകാളിയുടെ വെള്ളാട്ട് എന്നിവയുണ്ടായിരിക്കും.

മാര്‍ച്ച് 21: രാവിലെ 6.30ന് ഗണപതിഹോമം, ഉഷപൂജ, 12.30ന് സമൂഹസദ്യ, മൂന്നുമണിക്ക് പൂക്കുട്ടിച്ചാത്തന്‍തിറ, നാലുമണിക്ക് ആഘോഷവരവ്, 6.30ന് ദീപാരാധന, ഏഴുമണിക്ക് മുത്തപ്പന്‍തിറ, എട്ടുമണിക്ക് ഗുരിക്കള്‍ തിറ, 8.30ന് ഭഗവതി തിറ, 10 മണിക്ക് ഗുളികന്റെ വെള്ളാട്ട്, 11 മണിക്ക് ഗുളികന്‍തിറ.

മാര്‍ച്ച് 22: പുലര്‍ച്ചെ 12ന് മുത്താച്ചി തിറ, ധര്‍മ്മകഞ്ഞി, ഒരു മണിക്ക് മലര്‍ താലപ്പൊലി, രണ്ട് മണിക്ക് ചാമുണ്ഡിത്തിറ, കനലാട്ടം, നാല് മണിക്ക് നാഗകാളി തിറ, ആറ് മണിക്ക് പറകുട്ടി തിറ, വലിയവട്ടളം ഗുരുതി എന്നിവയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.