‘അദ്ദേഹത്തിന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു’; ചെന്നെയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍


ചെന്നൈ: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അന്ത്യം സംഭവിച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് കോടിയേരിക്ക് ആദരമര്‍പ്പിച്ചത്. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമാണ് ഉണ്ടായിരുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെയും സി.പി.എം സഖാക്കളെയും തന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു എന്ന് ആശുപത്രിയിലെത്തിയ ശേഷം സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 1975 ലെ അടിയന്തിരാവസ്ഥയുടെ സമയത്ത് മിസ നിയമപ്രകാരം ജയില്‍വാസമനുഭവിച്ച കോടിയേരി ബാലകൃഷ്ണന്‍ കീഴടങ്ങാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും സ്റ്റാലിന്‍ കുറിച്ചു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്നു.

ഞായറാഴ്ച എയര്‍ ആംബുലന്‍സിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം തലശ്ശേരി ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച മുഴുവന്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.

തിങ്കളാഴ്ച രാവിലെ കോടിയേരി മാടപ്പീടികയിലെ വസതിയിലാണ് പൊതുദര്‍ശനം. രാവിലെ പത്ത് മണി വരെയാണ് ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ കണ്ണൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് മൂന്ന് മണിക്കാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക. നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം ബീച്ചിലെ ശ്മശാനത്തിലാണ് സംസ്‌കാരം.