ശബ്ദവും കുലുക്കവുമില്ല; കാഴ്ചകള്‍ക്കാണെങ്കില്‍ ഒരു പഞ്ഞവുമില്ല: പെരുവണ്ണാമൂഴി തടാകത്തിലൂടെ ഒരു ബോട്ട് സവാരി പോയാലോ!


പേരാമ്പ്ര: ശബ്ദമോ കുലുക്കമോ ഇല്ലാതെ സോളാര്‍ ബോട്ടില്‍ പെരുവണ്ണാമൂഴി ഡാമിലെ തടാകത്തിലൂടെയുള്ള ബോട്ട് സവാരി സന്ദര്‍ശകര്‍ക്ക് ഹരമാവുന്നു. 10 ഉം 20 ഉം സീറ്റുകളുള്ള രണ്ട് ജപ്പാന്‍ നിര്‍മിത സോളാര്‍ ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ജലസേചന വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശബ്ദശല്യം ഒഴിവാക്കുന്നതിനാണ് സോളാര്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് നാല് കിലോമീറ്റര്‍ സഞ്ചരിക്കും. സ്റ്റിയറിങ്ങില്ലാതെ സെന്‍സര്‍ ഉപയോഗിച്ചാണ് സോളാര്‍ ബോട്ട് നിയന്ത്രിക്കുന്നത്. ആലപ്പുഴക്കാരന്‍ ആന്റണിയാണ് ഡ്രൈവര്‍. കൂടെ പാട്ടും പറച്ചിലുമായി കലാകാരനും മുങ്ങല്‍ വിദഗ്ധനുമായ സുഭാഷ് പെരുവണ്ണാമൂഴിയുമുണ്ട്.

ജപ്പാന്‍ കുടിവെള്ള പദ്ധതി കിണര്‍, പമ്പ് ഹൗസ്, രണ്ടര കിലോമീറ്റര്‍ ചുറ്റളവുള്ള പക്ഷിദ്വീപ്, ചെറിയ കുറെ ദ്വീപുകള്‍, സ്മൃതിവനം, പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 943 ഏക്കര്‍ റബര്‍ എസ്റ്റേറ്റ്, മീന്‍ വളര്‍ത്തു കേന്ദ്രം എന്നിവ കാണാം. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതി പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കാന്‍ പുഴയില്‍ തുരങ്കം നിര്‍മിച്ചതും കാണാം.

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കാണ് ബോട്ട് സര്‍വീസ് പാട്ടത്തിനെടുത്തത്. ഒരാള്‍ക്ക് 150 രൂപയാണ് ചാര്‍ജെങ്കിലും 18 ശതമാനം ജി.എസ്.ടിയും കൂടി 177 രൂപ കൊടുക്കണം.

summary: take a boat ride on the Peruvannamoozhi Lake