കുറച്ച് നാള്‍ കഴിഞ്ഞാല്‍ ലോകകപ്പിന് തിരശ്ശീല വീഴും, കളിയാരവങ്ങളൊടുങ്ങും, പക്ഷേ ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ കാണിച്ച മാതൃക എന്നെന്നേക്കും നിലനില്‍ക്കും; ഖത്തറില്‍ നിന്ന് എഴുത്തുകാരനും പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി


സുഹാസ് പാറക്കണ്ടി

തീര്‍ന്നു എന്ന് തോന്നുന്നിടത്ത് നിന്നും തിരികെ വരുന്നതാണ് ത്രില്‍. അത് ഫുട്‌ബോള്‍ ആയാലും ജീവിതമായാലും. ഒരു ലോക ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണുക എന്നത് വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ക്യാന്‍സര്‍ തന്ന സര്‍ജറികളും കീമോകളും ബാക്കിയാക്കിയ പ്രശ്‌നങ്ങള്‍ കാരണം ആരോഗ്യം അനുവദിക്കില്ല എന്ന ഉറപ്പില്‍ ഫിഫ വളണ്ടിയര്‍ ഇന്‍വിറ്റേഷന്‍ പോലും വേണ്ടാന്ന് വച്ച്, ഫിഫ സമയത്ത് ഓഫീസ് ഉണ്ടാകില്ല എന്ന മുന്‍ ധാരണയില്‍ നവംബര്‍ 8 ലേക്ക് നാട്ടിലേക്ക് ടിക്കെറ്റെടുത്ത്, ഒറ്റ വേള്‍ഡ് കപ്പ് ടിക്കറ്റ് പോലും വാങ്ങാന്‍ ശ്രമിക്കാതെ നാട്ടിലേക്കു പോകാനിരുന്നതാണ്. എന്നിട്ടും നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന എനിക്കു നിര്‍ബന്ധിച്ച് ഒരു ടിക്കറ്റ് ആപ്ലികേഷന്‍ കൊടുത്തത് പ്രിയ സൗഹൃദങ്ങള്‍ ജിജേഷും നിതിനും ചേര്‍ന്നാണ്. ഏതു മത്സരം ആണെന്നോ, എവിടെയാണോ എന്നൊരു ധാരണയും ഇല്ലാത്ത കാലത്തായിരുന്നു അത്.

അങ്ങനെ ടിക്കറ്റ് നറുക്ക് കിട്ടിയ മത്സരം അര്‍ജന്റീനയുടെതാനെന്നു അറിഞ്ഞത് പോലും പിന്നീടാണ്. ജീവിതത്തില്‍ ഇനി ഒരിക്കലും സാധ്യമാക്കാന്‍ ഇടയില്ലാത്ത ലോകകപ്പ് ഫുട്ബോള്‍ മത്സരം നേരിട്ട് കാണുക എന്ന അത്ഭുതം സംഭവിച്ചു. 974 സ്റ്റേഡിയത്തില്‍, അതും ഇഷ്ട ടീമായ അര്‍ജന്റീനയുടെ, ഏറെ നിര്‍ണ്ണായകമായ മത്സരം നേരിട്ട് കാണാന്‍.

ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്; കൈവിട്ടു എന്നുറപ്പിച്ച ചിലതു ഉപാധികളില്ലാതെ കയ്യിലേക്ക് തരും ആഘോഷിക്കാന്‍. പിന്നെ നമ്മള്‍ എന്തിനു മടിക്കണം- കണ്ടു, കണ്ണ് നിറയെ… അര്‍ജന്റീനയെ… മെസ്സിയെ… ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഫുട്ബോള്‍ ആവേശത്തെ… അങ്ങനെ അങ്ങനെ. ഖത്തര്‍ തിരികെ തന്ന ജീവിതത്തില്‍ ചേര്‍ത്തുവെക്കാന്‍ ചില നല്ല ഓര്‍മ്മകള്‍ കൂടെ ചേര്‍ത്തുവച്ചു നവംബര്‍ 30, 2022.Fifa World cup

ആദ്യഘട്ട മത്സരങ്ങള്‍ കഴിഞ്ഞു, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളിലേക്ക് പന്തുരുളാന്‍ തുടങ്ങുന്നു ഖത്തറില്‍. ഇനി കുറച്ചു നാളുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ഖത്തര്‍ ഫിഫ ലോകകപ്പ് 2022 നു’ തിരശ്ശീലവീഴും. കളിയാരവങ്ങള്‍ താല്‍ക്കാലത്തേക്ക് അവസാനിക്കും. പക്ഷെ ബാക്കിയാകുന്ന ഒന്നുണ്ടാകും, അത് ഈ ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പില്‍ ഖത്തര്‍ കാണിച്ച മാതൃകയാവും. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇത്രയേറെ ഗംഭീരമായ ഒരു സംഘാടനം വേറെ ഉണ്ടാകില്ല എന്നുറപ്പിച്ചു പറയാം.

സ്റ്റേഡിയങ്ങളില്‍ കളിയാരവങ്ങള്‍ മുറുകുന്ന നേരത്ത് തന്നെ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ഫാന്‍ സോണുകളില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നതും ആര്‍പ്പുവിളിക്കുന്നതും പതിവ് കാഴ്ചയാണ്. ഒരേ സമയത്ത് ഫാന്‍ സോണുകളിലേക്കും, സ്റ്റേഡിയങ്ങളിലേക്കും സഞ്ചരിക്കുന്നത് പതിനായിരകണക്കിന് ആരാധകരാണ്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദിവസവും (തുടക്കത്തില്‍ നാലും പിന്നീട് മൂന്നു മത്സരങ്ങള്‍ വീതം) ആദ്യ റൗണ്ടില്‍ നടന്നു. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരം ആകട്ടെ, താരതമ്യേന കുറവും. ലോകത്ത് ഒരിടത്തും ഇത്രയും ചെറിയ വിസ്തൃതിയില്‍ വിവിധ ലോകകപ്പ് സ്‌റേഡിയങ്ങളില്‍ കളി നടന്നിട്ടില്ല.

അതേ നേരത്ത് തന്നെ ഖത്തറിലെ പതിവ് ജീവിതം സാധാരണ പോലെ, കടുത്ത ട്രാഫിക് ജാമുകളോ, റോഡ് ബ്ലോക്കുകളോ ഇല്ലാതെ ഓഫീസുകളിലേക്കും വീടുകളിലേക്കും കടകളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും സഞ്ചരിക്കുന്നതും കാണാം.

‘മെട്രോ… ദിസ് വേ’ എന്നത് ഖത്തര്‍ ഏറ്റെടുത്ത ടാഗ് ലൈന്‍ ആയി മാറിക്കഴിഞ്ഞു. മെട്രോ മാത്രമല്ല ആയിരക്കണക്കിനു ബസ്സുകളാണ് ഓരോ പോയിന്റില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്കും ഫാന്‍ സോണുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഹയ്യ എന്ന ഫാന്‍ ഐഡിയുള്ള എല്ലാവര്‍ക്കും ഇവയൊക്കെയും സൗജന്യമാണ്. ഒരിടത്തും ഒരാളും വഴിയറിയാതെ കുഴങ്ങില്ല. അത്രയേറെ വളണ്ടിയര്‍മാരും, ജീവനക്കാരും എല്ലായിടത്തും ലഭ്യമാണ്. വിവിധ ഭാഷകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ ഓരോ പ്രധാന പോയിന്റുകളിലും കാണാം.

ദോഹ പോലെ വലിപ്പം കൊണ്ട് ചെറിയ ഒരു നഗരത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും എത്രയോ വലിയ ജനസഞ്ചയം ഒഴുകികൊണ്ടിരിക്കുന്നു ഓരോ നിമിഷവും, എന്നിട്ടും പരാതികള്‍ ഇല്ലാതെ ഈ വലിയ മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചു എന്നതില്‍ ഖത്തര്‍ ഭരണാധികാരികള്‍ക്കും, ഫിഫയ്ക്കും അഭിമാനിക്കാം.
വീണ്ടും അത്ഭുതമാകുകയാണ് ഖത്തര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഖത്തറില്‍ എത്തിയ ഫുട്ബോള്‍ ആരാധകര്‍, ഈ സംഘാടക മികവിന് ഖത്തറിന് മുഴുവന്‍ മാര്‍ക്കും നല്‍കും എന്ന് തീര്‍ച്ച.

ഖത്തറിലെ ഫുട്ബോള്‍ ആവേശങ്ങള്‍ തീരുന്നില്ല. പ്രീ ക്വര്‍ട്ടറും ക്വര്‍ട്ടറും സെമി ഫൈനലും കടന്നു ഡിസംബര്‍ 18 നു ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് പന്തുരുളുമ്പോള്‍ ആവേശം വാനോളം ഉയരും. ഒപ്പം ഖത്തര്‍ ഒരുക്കിയ ആഘോഷ കാഴ്ചകളും. ഉല്‍ഘാടന മത്സരത്തിനു എന്നപോലെ ഫൈനല്‍ മത്സരവും അവിസ്മരണീയമാക്കന്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചു കാത്തിരിക്കുന്നുണ്ട് ഖത്തര്‍.

ഖത്തര്‍ എന്നൊരു കൊച്ചു രാജ്യത്തിന്റെ ഒരു വാഴവട്ടക്കാലത്തെ സ്വപ്നങ്ങളാണ് നവംബര്‍ 20നു അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ലോകത്തിനു മുന്നില്‍ മിഴി തുറന്നത്. വലിപ്പം കൊണ്ട് മാത്രം ചെറുതും എന്നാല്‍ മികച്ച സമ്പദ്ഘടനയുള്ളതുമായ രാജ്യമാണ് ഖത്തര്‍. അവര്‍ക്ക് ഫിഫ 2022 ഒരു സ്വപ്നം മാത്രമായിരുന്നില്ല,
യാഥാര്‍ഥ്യമാക്കാന്‍ കഴിവുള്ള ഒരു ഭരണ സംവിധനവും ഉണ്ടായിരുന്നു. അത് ഈ കഴിഞ്ഞ 12 വര്‍ഷങ്ങള്‍കൊണ്ട് ഖത്തര്‍ തെളിയിച്ചു കഴിഞ്ഞതാണ്.

അതിജീവിച്ചത് വലിയ വെല്ലുവിളികളെയാണ്. ഉപരോധവും കോവിഡും ലോകം മുഴുക്കെ പടര്‍ന്ന സാമ്പത്തിക പ്രതിസന്ധികളും ഈ കാലത്തിനിടയില്‍ കടന്നുപോയി. പക്ഷെ കുലുങ്ങാതെ ഖത്തര്‍ മുന്നോട്ടു നടന്നു, ഇച്ഛാശക്തിയോടെ, ഉറച്ച കാല്‍വെപ്പുകളോടെ. ഒടുവില്‍ മുത്തുകളുടെ നാട്ടില്‍ ഒളിപ്പിച്ച അത്ഭുതങ്ങള്‍ കാണാന്‍ ലോകം ഇന്ന് ഇവിടേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിച്ചു കാത്തിരിക്കുകയാണ്.

Fifa World cup

ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുന്നും 2022 എന്ന് എല്ലാ അര്‍ത്ഥത്തിലും പറയാന്‍ കഴിയും. വൈകിയെങ്കിലും വിമര്‍ശകര്‍ ഈ സത്യം തിരിച്ചറിയും, ഒരുപക്ഷെ അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും എങ്കിലും. തീര്‍ച്ചയായും ഖത്തര്‍ വലിയൊരു കയ്യടി അര്‍ഹിക്കുന്നുണ്ട്.