‘കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണ് പുട്ട്’ ; വൈറലായി മുക്കം സ്വദേശിയായ മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്


പുട്ട് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുമുണ്ട്. ഗ്യാസിന്റെ പ്രശ്‌നവും, പതിവായി ഉണ്ടാക്കുമെന്ന ഭക്ഷണമെന്നതുമൊക്കെ പുട്ടിനോടുള്ള ഇഷ്ടക്കേടിന് കാരണമായി നിരത്താറുണ്ട്. എന്നാല്‍ പുട്ട് കുടുംബബന്ധങ്ങളെ തകര്‍ക്കുമെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല, മുക്കം സ്വദേശിയായ ഈ മൂന്നാം ക്ലാസുകാരനൊഴികെ.

മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്, ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനായ ജയിസാണ് പുട്ടിനോടുള്ള ഇഷ്ടക്കേടിന് കാരണമായി ഇങ്ങനെ പറഞ്ഞത്. ഇഷ്ടമില്ലാത്ത ആഹാര സാധനത്തെക്കുറിച്ച് പരീക്ഷയ്ക്ക് ചോദ്യം വന്നപ്പോഴായിരുന്നു ജയിസ് പുട്ടിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്. ബംഗളുരുവിലാണ് ജയിസ് പഠിക്കുന്നത്.

‘എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്. ഇതൊരു കേരള ഭക്ഷണമാണ്, അരികൊണ്ടാണ് പുട്ടുണ്ടാക്കുന്നത്. തയ്യാറാക്കാന്‍ വളരെ എളുപ്പമാണെന്നതുകൊണ്ടുതന്നെ അമ്മ എല്ലാ ദിവസവും പുട്ടുണ്ടാക്കും. ഉണ്ടാക്കി അഞ്ചുമിനിറ്റ് കഴിഞ്ഞാല്‍ പുട്ട് പാറപോലെയാകും. പിന്നെ എനിക്കത് കഴിക്കാന്‍ കഴിയില്ല. മറ്റെന്തെങ്കിലും തരാന്‍ ഞാന്‍ ആവശ്യപ്പെട്ടാല്‍ അമ്മ ചെയ്തുതരില്ല. അപ്പോള്‍ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയും. അപ്പോള്‍ ഞാന്‍ കരയും. അതുകൊണ്ടുതന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണ്’ എന്നാണ് ജയിസ് ഉത്തരക്കടലാസില്‍ എഴുതിയത്.