ദിവസവേതനത്തിൽ നിന്ന് മിച്ചം വെച്ച് നിക്ഷേപിച്ചു, മക്കളുടെ വിവാഹം സ്വപ്നം കണ്ട്; ഒടുവിൽ സ്വര്‍ണ്ണവും പണവുമായി അവര്‍ മുങ്ങി; നൂറ് ദിവസം പിന്നിട്ട് ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പില്‍ നീതി തേടിയുള്ള സമരം


കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അവരില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണവും പണവും തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി കുളങ്ങരതാഴയില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം നൂറാം ദിവസം പിന്നിട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും വീര്യം ഒട്ടും ചോരാതെ സമരമുഖത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍. ദിവസവേതനത്തില്‍ നിന്നും മറ്റും മിച്ചം പിടിച്ചാണ് പലരും ജ്വല്ലറിയില്‍ നിക്ഷേപത്തിന് ചേര്‍ന്നത്. മക്കളുടെ വിവാഹത്തിനും മറ്റും ഈ തുക ഉപകരിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവരുടെ സ്വപ്‌നങ്ങളെല്ലാം തല്ലിക്കെടുത്തിയാണ് ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിന്റെ വിവിരങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26 നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ഉള്ള ഗോള്‍ഡ് പാലസ് ജ്വല്ലറി അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയത്. മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം പരാതികളാണ് ഉണ്ടായിരുന്നത്. 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. വളരെ ബോധപൂര്‍വ്വം നടത്തിയ ഒരു തട്ടിപ്പായിരുന്നു ഇതെന്നാണ് ഇരകള്‍ പറയുന്നത്. പോലീസ് പ്രതികളെ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൂന്ന് ജ്വല്ലറികളില്‍ നിന്നും കാണാതായി പോയ 20 കിലോയിലധികം സ്വര്‍ണ്ണം ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഉടമകളും മാനേജര്‍മാരും സ്റ്റാഫുകളും കൂടി സ്വര്‍ണ്ണം കടയില്‍ നിന്നും എടുത്തു മാറ്റുകയായിരുന്നെന്നാണ് ഇരകള്‍ ആരോപിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളും രോഗികളും നിര്‍ധനരുമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വളരെയധികം പാവപ്പെട്ട ആളുകളാണ് ഈ ജ്വല്ലറി തട്ടിപ്പിന് ഇരയായത്. മക്കളുടെ കല്യാണത്തിന് അഡ്വാന്‍സ് കൊടുത്തവര്‍ പോലും ഒമ്പത് മാസം കഴിഞ്ഞിട്ടും ഈ തട്ടിപ്പിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. അതേസമയം ജാമ്യത്തിലിറങ്ങിയ മുതലാളിമാരും മാനേജര്‍മാരും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ മാന്യന്മാരായി കറങ്ങി നടക്കുകയാണെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. അതേസമയം മുതലാളിമാരെ ചര്‍ച്ചക്ക് എത്തിക്കുവാന്‍ സമരസഹായ സമിതി ശ്രമം ആരംഭിച്ചിട്ടുണ്ട്.

അനിശ്ചിതകാല സമരത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് കുറ്റ്യാടി ടൗണിലെ ഗോള്‍ഡ് പാലസ് ജ്വല്ലറിക്കുമുന്നിലെ സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുബൈര്‍ പി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി മെമ്പര്‍ എ എം റഷീദ്, കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കായക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് ബഷീര്‍, കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എന്‍ സി കുമാരന്‍ മാസ്റ്റര്‍, എസ് ടി യു ജില്ലാ കമ്മിറ്റി മെമ്പറും ആക്ഷന്‍ കമ്മിറ്റി നേതാവുമായ ഇ എ റഹ്‌മാന്‍ കരണ്ടോട് , ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചന്‍ കണ്ടി, മുഹമ്മദലി വളയന്നൂര്‍, ഷമീമ ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.