ഈ..മൂസ തന്നെ സമൂസ; സ്കൈ ടൂർസ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് നന്തിയുടെ ഗള്‍ഫ് കിസ്സ തുടരുന്നു


യാക്കൂബ് രചന

ബർഗ്ഗറും കോക്ടെയിലും കണ്ടു പിടിച്ച ഈ..മൂസ തന്നെ സമൂസ !

ദുബായിലെ അന്ത്രു, സൂപ്പി, മമ്മൂ, മൂസ എന്നീ പേരുകളാൽ സമൃദ്ധമായ നാട്ടിൽ നിന്നുള്ള കച്ചവടക്കാരുമായുള്ള സൊറ പറച്ചിലിന്നിടയിൽ കിട്ടിയ ഒരു ത്രഡ് മാത്രം ഇവിടെ പറയാം.

ഗൾഫെന്ന സ്വപ്ന ഭൂമിയിലേക്കുള്ള വഴി വെട്ടി തെളിക്കാൻ പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻ തോണിയിൽ നാട്ടുകാരായ മൂസയുടേയും സൂപ്പിയുടേയും ജീവൻ പണയം വെച്ചുള്ള ആദ്യ യാത്രയുടെ വിവരണമിങ്ങനെ.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


അറുപതുകളുടെ അവസാനത്തിൽ മൂസയുടേയും സൂപ്പിയുടേയും ദുബായ്ക്കുള്ള യാത്രയിൽ പത്തേമാരി കോർഫക്കാൻ തീരത്തോടടുത്തപ്പോൾ പെട്ടെന്ന് സ്രാങ്കിൻ്റെ ഒരു നിർദേശം:

“എത്രയും പെട്ടെന്ന് ഇവിടെ ചാടി നിങ്ങൾ അൽപം നീന്തി ആ കാണുന്ന കോർഫക്കാൻ കര പറ്റണം”

ഇതു കേട്ടതും മൂസയെ കെട്ടിപ്പിടിച്ചു സൂപ്പി അങ്ങകലെ കാണുന്ന തീരത്തേ നോക്കി. തീരാത്ത കണ്ണീരോടെ ഒരു സങ്കട കരച്ചിൽ.

“എനിക്കെൻ്റെ പാത്തൂനെ ഇപ്പം കാണണം”

മൂസ: “അതെന്തിനാ സൂപ്യേ ഇപ്പം തന്നെ”

സൂപ്പി: “അത്… എനിക്ക് നീന്തൽ ശരിക്ക് അറീല്ലാ…”

മൂസ: “നീന്തലറീല്ലെങ്കിൽ നീ രക്ഷപ്പെട്ടില്ലേ സൂപ്യേ. ചാടുന്നതോടെ നീയങ്ങു മുങ്ങി താണു പോവില്ലേ?

നീന്തലറിയുന്ന ഞാനല്ലേ കരേണ്ടത്? കരപറ്റാൻ ഇതെത്ര നീന്തണോംന്നോർത്ത്”

ഒടുവിൽ ദുബായ് എത്തിയ രണ്ടുപേരിൽ സൂപ്പി ടാക്സി ഡ്രൈവറും കുശാഗ്ര ബുദ്ധിക്കാരനായ മൂസ ചായക്കടക്കാരനുമായി എന്നാണ് ചരിത്രം.

അവിടുന്നങ്ങോട് വലിയ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നത്. പൈത്തഗോറസിനെ പോലെ പല കണ്ടു പിടുത്തങ്ങളും നടത്തി, ആ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി, അത് നടപ്പിലാക്കി കൊടുത്ത മുയലാളിയാണ് ഞമ്മളെ മൂസ.

മൂസയുടെ എല്ലാ പെരുക്കലിനുമൊപ്പം മൂസക്ക് രണ്ടു ഭാര്യമാരുമായപ്പോൾ, ഇരു ഭാര്യമാർക്കും നടുവിൽപ്പെട്ട് അതിന്റെ പ്രഷറും ചൂടുമേറ്റ് വല്ലാതെ ഞെരുങ്ങി പൊരിയുന്ന അവസ്ഥ അനുഭവിച്ചു
കൊണ്ടിരിക്കേയാണ് മൂസയുടെ മനസ്സിൽ ബർഗ്ഗർ എന്ന ആശയം വന്നതും പിന്നീട് രുചിയുടെ ഒരു സ്നേക്ക് ഐറ്റമായ ബർഗ്ഗർ എന്ന “സാൻഡ്വിവിച്ച്”…
കഫറ്റേരിയകളിൽ വാഴാൻ ഇടയായതും.

ചുരുങ്ങിയ കാലം കൊണ്ട് ചായക്കട എന്ന കൊച്ചു കഫെ. മെച്ചപ്പെട്ട് കഫറ്റേരിയ എന്ന മാറ്റത്തിലെത്താൻ കാരണമായതിൻ്റെ പിന്നിലും ഈ “ബർഗ്ഗർ ” എന്ന കണ്ടുപിടുത്തമാണ്.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


മൂസ, പകപോക്കലിനും ഈ ബർഗ്ഗർ തിയറി ചിലയിടത്ത് പ്രയോഗിച്ചു കണ്ടിട്ടുണ്ട്. തന്നെ കഫറ്റേരിയ കച്ചവടത്തിൽ പറ്റിച്ച കൂറുകാരൻ മൊയ്തുവുമായി തെറ്റാതെ തന്നെ കൂടുതൽ
ലോഗ്യത്തിൽ നിന്നു കൊണ്ട്. മൊയ്തുവിനെ ഒരു രണ്ടാം കെട്ടങ്ങ് കെട്ടിച്ചു ബർഗ്ഗറാക്കി. അയാളെയും തന്റെ ഇപ്പോഴത്തെ അവസ്ഥയായ രണ്ടു ഭാര്യമാരിൽ നിന്നുമുള്ള
ചൂടാന്തിരവും പുകച്ചിലും കിട്ടുന്ന ഒരു ബർഗ്ഗർ പരുവത്തിലാക്കി കൊടുത്താണ് മൂസ സംപൂജ്യനായത്.

ഒടുവിൽ മൂസക്ക് രണ്ടു ഭാര്യമാരിലുമായി പെരുക്കി കുറേ കുട്ടികളുമായപ്പോൾ അവർ തമ്മിലുള്ള പൊരിഞ്ഞ തല്ല് നിർവ്വികാരനായി നോക്കി നിന്ന ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായ അവസ്ഥയിൽ
മൂസയുടെ മനസ്സിൽ അരിശം മൂത്തപ്പോൾ – “അമ്മയുടെ കൃഷിയിടത്തിലിരുന്ന ന്യൂട്ടൻ്റെ തലയിൽ ഒരു ആപ്പിൾ വീണ് വേദനിച്ചപ്പോൾ അത് ലോകത്തിൻ്റെ ഗതി മാറ്റിമറിച്ച ”ഗുരുത്വാകർഷണ”
സിദ്ധാന്തത്തിലേക്ക് ഐസക് ന്യൂട്ടനെ നയിച്ചതു” പോലെ – മൂസക്കും തോന്നിയതാണ്.


Read Also: മണ്ണിരകളെ കാലമെടുത്ത് പോയെങ്കിലും ചൂണ്ടയിടുന്നവര്‍ ഇപ്പോഴുമുണ്ട്; പ്ലാവില കുമ്പിളിലെ കഞ്ഞികുടിക്കും നേരങ്ങൾ..ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ നൊസ്റ്റാള്‍ജിയ പങ്കുവെക്കുന്നു ഷഹനാസ് തിക്കോടി


“മ്മ്ഊം….. എല്ലാറ്റിനേയും കൂടി ഒരു വലിയ ജാറിലിട്ട് ഒന്നു കറക്കി അടിച്ചാലോ..” എന്ന്. അത്രക്കും ദേഷ്യത്തിലുണ്ടായ ആ തോന്നലായിരുന്നു ഇന്നത്തെ കോക്ടെയിൽ ജൂസ് എന്ന ആശയത്തിലേക്ക് മൂസയെ നയിച്ചത്. പിന്നീടത് കഫ്ടേരിയ മെനു ലിസ്റ്റിലെ ജൂസ് ഐറ്റത്തിൽ ഒന്നാമനായി വിലസി.

കുന്നോളം സ്വപ്നം കണ്ട് കുന്നിക്കുരുവോളവും നേടാൻ കഴിയാതെ ജീവിതത്തിൻ്റെ രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്ന ഗൾഫുകാർക്കിടയിൽ മൂന്നറ്റവും മുട്ടിച്ചു കാണിച്ചു കൊടുത്ത മൂസയുടെ മറ്റൊരു കണ്ടു പിടുത്തമായിരുന്നു സമൂസ.

മട്ട ത്രികോണത്തിന്റെ സിദ്ധാന്തത്തിനു പൈത്തഗോറിസിന്റെ പേര് നൽകിയതു പോലെ, പൈത്തഗോറിസിന്റെ ആ ത്രികോണ രൂപം തന്നെ കടമെടുത്ത് അതിനുള്ളിൽ സൂത്രത്തിൽ കോഴിമസാല കടത്തി മൂന്നറ്റവും മുട്ടിച്ചു പൊരിച്ചു കാട്ടി കൊടുത്തപ്പോൾ ഈ മസാലയെങ്ങിനെ ത്രികോണാകൃതിയിയുള്ള ഈ സംമൂസക്കു അകത്തെത്തിച്ചു എന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ, അറബികളെ വിസ്മയിപ്പിച്ച, മൂസയുടെ സംമൂസ എന്ന ആ അത്ഭുത പലഹാരം അറബികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.


.‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


മൂസയുടെ പേരിൽ തന്നെയാണ് ഈ പലഹാരത്തിന്റെ പാറ്റന്റ്ഷിപ്പ് ഇന്നും നിലനിൽക്കുന്നത്. “സ..മൂസ” എന്ന പേരിൽ.

ഡെലിവറി ഓർഡറിലെ സം (some = കുറച്ചു) മൂസ എന്നതു ലോപിച്ച് “സമൂസ” ആയി പരിണമിച്ചതാണ്.

“മൂസ… തന്നെയാണ്…. സമൂസ…”

[ സാങ്കൽപ്പിക കഥയാണ്…
അതുകൊണ്ട് തന്നെ കഥാപാത്രങ്ങളും പേരും
ഒന്നിൻ്റേയും പരിഛേദങ്ങളും
അല്ലാ..സാങ്കൽപ്പികം മാത്രം].

തുടരും