എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടു


കൊയിലാണ്ടി: ആശുപത്രിയിലേക്ക് വിളിച്ച് എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തില്‍ ജീവനക്കാരിയ്‌ക്കെതിരെ നടപടി. താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു.

രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി സംസാരിച്ചതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുകയും ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

‘എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ എന്നൊക്കെ ഉണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് ‘എല്ലിന്റെ ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും’ എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. വിളിച്ചയാള്‍ ‘ഇന്ന് ഉണ്ടാവുമോ’യെന്ന് വീണ്ടും ചോദിച്ചപ്പോള്‍ 2630142 എന്ന ആശുപത്രിയിലെ നമ്പറില്‍ വിളിച്ചുനോക്ക് എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ജീവനക്കാരിയുടെ ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.