കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കൊയിലാണ്ടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നു; നാളെ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചേക്കും


കൊയിലാണ്ടി: പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. അറിയപ്പെടുന്ന പ്രഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വ്യക്തിയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിക്കാനൊരുങ്ങുന്നത്. നാളെ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

കൊയിലാണ്ടിയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. അര്‍ഹരായവരെ തഴഞ്ഞു എന്ന ആരോപണം നേരിടുന്ന പുതിയ കെ.പി.സി.സി പട്ടിക കൂടി പുറത്ത് വന്നതോടെ ഈ അതൃപ്തി വര്‍ധിച്ചു. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത്. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല. രാഷ്ട്രീയം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്ന് അഭ്യൂഹമുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഒരു സംഘം നേതാക്കളുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ് പാര്‍ട്ടിയിലുള്ളവര്‍ ഉയര്‍ത്തുന്ന ആരോപണം. ഇതിന്റെ അനുരണനങ്ങളാണ് കൊയിലാണ്ടിയിലും അലയടിക്കുന്നത്. കൊയിലാണ്ടിയിലെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും രഹസ്യമായി പറയുന്നത്.

താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാവായ വി.ടി.സുരേന്ദ്രനെ പുതിയ കെ.പി.സി.സി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹത്തോട് അടുപ്പമുള്ള കോണ്‍ഗ്രസുകാര്‍ക്ക് പ്രതിഷേധമുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെട്ട നേതാവ് കൂടിയായ സുരേന്ദ്രനെ തഴഞ്ഞതുവഴി ദളിത് വിഭാഗത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന സന്ദേശമാണ് പുറത്തുവരുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത കോണ്‍ഗ്രസുകാര്‍ പറയുന്നത്.