പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കത്തി നശിച്ചു; വാഹനം വാങ്ങിയത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ മോയോത്ത്ചാലില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീ പിടിച്ച് കത്തി നശിച്ചു. വെള്ളയോടൻകണ്ടി സ്വദേശി വി.പി സനിലിൻ്റെ യഹമ ബ്രാൻഡിന്റെ ഇരുചക്രവാഹനമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
വീട്ടുകാര്‍ പുലര്‍ച്ചെ ബാത്ത്‌റൂമില്‍ പോകാനായി ഉണര്‍ന്നപ്പോഴാണ് ജനലിലൂടെ വീടിന് പുറത്ത് തീ ഉയരുന്നത് കണ്ടത്. വാതിൽ തുറന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ കത്തുന്നത് കണ്ടു. ഉടന്‍തന്നെ അയല്‍വീട്ടുകാരെ വിവരം അറിയിച്ചു. എല്ലാവരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.
വീടിന്റെ മുന്‍വശത്ത് ടാര്‍പ്പോളിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡിനും തീപിടിച്ചിട്ടുണ്ട്. മാത്രമല്ല വീടിന്റെ മുൻഭാഗത്തെ വൈദ്യുത വയറിങ്ങ്, ഷെഡിന്റെ അകത്ത് ഉണക്കാനിട്ട് വസ്ത്രങ്ങള്‍ എന്നിവയും പൂര്‍ണമായി കത്തിനശിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.