സർ​ഗാലയയിൽ പോയില്ലെങ്കിൽ വേ​ഗം വിട്ടോ… വിദേശികളും സ്വദേശികളുമായ കര കൗശല വിദ​ഗ്ദരുടെ ഉത്പന്നങ്ങളുടെ ശേഖരം, സർ​ഗാലയ അന്താരാഷ്ട്ര കര കൗശല മേള ഇന്ന് സമാപിക്കും


പയ്യോളി: പത്താമത് സർ​ഗാലയ അന്താരാഷ്ട്ര കര കൗശല മേള ഇന്ന് സമാപിക്കും. കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് ഡിസംബർ 22 മുതൽ മേള സംഘടിപ്പിച്ചത്. ഇന്ത്യയിലേയും വിദേശത്തെയും കരകൗശല വിദ​ഗ്ദരുടെ കലാവെെഭവം പ്രകടമാക്കുന്നതായിരുന്നു കരകൗശല മേള. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച മേള കാണാനും സാധനങ്ങൾ വാങ്ങുന്നതിനുമായി നിരവധി പേരാണ് സർ​ഗാലയയിലേക്ക് എത്തിയത്.

26 സംസ്ഥാനങ്ങളില്‍ നിന്നും 500 ല്‍ പരം കരകൗശല വിദഗ്ധരും ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്ലാന്‍ഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി 10 ല്‍ പരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരാണ് മേളയില്‍ പങ്കെടുത്തത്. ഉസ്ബെക്കിസ്ഥാന്‍ മേളയുടെ പാര്‍ട്ണർ രാജ്യമാണ്. മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡി ക്രാഫ്റ്റ്സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാര്‍, നബാര്‍ഡ് ക്രാഫ്റ്റ് പവിലിയന്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് പവിലിയന്‍, കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകള്‍, കലാപരിപാടികള്‍, ബോട്ടിംഗ്, കളരി പവിലിയന്‍, മെഡിക്കല്‍ എക്സിബിഷന്‍ എന്നിവയും മേളയുടെ ഭാ​ഗമായി ഉണ്ടായിരുന്നു.

സമാപന സമ്മേളനത്തിൽ പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. പയ്യോളി ന​ഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖ് അധ്യക്ഷത വഹിക്കും. റൂറൽ എസ്.പി കറുപ്പസ്വാമി ചടങ്ങിൽ സംബന്ധിക്കും.

Summary: Sargalaya international arts and crafts festivel