കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതിന്റെ മറവിൽ മണൽക്കടത്ത്; കയ്യോടെ പിടികൂടി നാട്ടുകാർ


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ നീക്കുന്നതിൻ്റെ മറവിൽ മണൽകൊള്ള. അക്രമം നാട്ടുകാർ കയ്യോടെ പിടികൂടുകയും മണൽ എടുക്കുന്നത് തടയുകയും ചെയ്തു. ഇന്ന് വൈകീട്ടാണ് സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ടിപ്പറുകൾ താലൂക്ക് ആശുപത്രിയിൽ നിന്ന് മണൽ കയറ്റി പോകുന്നത് ലോറി സ്റ്റാൻ്റിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണൽ കൊള്ള കണ്ടുപിടിച്ചത്.

വിവരമറിഞ്ഞതോടെ നാട്ടുകാരൊത്ത് കൂടി സ്ഥലത്തെത്തിമണൽ എടുക്കുന്നത് തടയുകയായിരുന്നു. പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ അവിടെ തന്നെയുള്ള വലിയ കുഴിയിൽ നിക്ഷേപിച്ച ശേഷം കുഴിയെടുത്ത മണൽ കയറ്റി കൊണ്ടുപോയി അമിത വിലയ്ക്ക് കരാറുകാരൻ വിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

അവശിഷ്ടങ്ങൾ നീക്കുകയല്ലാതെ മണൽ എടുക്കാൻ അനുമതിയില്ലെന്ന് ആശുപത്രി അധികതരും വ്യക്തമാക്കി. നാട്ടുകാർ റവന്യു അധികൃതരുടെയും പോലീസിനെയും വിവരമറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ ജയൻ വാരിക്കോളി, സ്പെഷൽ വില്ലേജ് ഓഫീസർ രാജനും കൊയിലാണ്ടി എസ്.ഐ. ടി.കെ ഷീജുവിൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി കരാറുകാരനൊട് മണൽ എടുക്കുന്നത് നിർത്താനും പകരം കെട്ടിട അവശിഷ്ടങ്ങൾ മാത്രമെ എടുക്കാൻ പാടുള്ളൂ എന്ന് കരാറുകാരനെ താക്കീത് ചെയ്തു.

മണൽ എടുക്കുന്നത് തടഞ്ഞ ലോറി ഡ്രൈവർമാരുമായി കരാറുകാരൻ തർക്കത്തിൽ ഏർപ്പെട്ടു ഒടുവിൽ പോലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.