കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആർ.എസ്.എസ് അക്രമം; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു


കൊയിലാണ്ടി: കൊല്ലത്ത് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ ഒരു ആർ.എസ്.എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വിയ്യൂർ അട്ടവയൽ, കാർത്തികയിൽ മണിയുടെ മകൻ മനുലാൽ (27) ആണ് പോലീസ് പിടിയിലായത്‌.

ഇന്നലെ രാത്രി 9മണിയോടെയായിരുന്നു വിവാഹ സൽക്കാരം നടക്കുന്ന കൊല്ലം ഗായത്രി ഓഡിറ്റോറിയയത്തിലേക്ക്‌ ആർഎസ്എസ് അക്രമിസംഘം ഇരച്ചുകയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അക്രമിച്ചത്‌. അക്രമണത്തില്‍ ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടിറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വൈശാഖിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നീ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം പ്രവര്‍ത്തകരെ ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സിപിഐഎം പ്രവർത്തകൻ്റെ മകൻ്റെ വിവാഹമായതിനാൽ കൊയിലാണ്ടി മേഖലയിലെ സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കും എന്ന് കൃത്യമായ മനസിലാക്കി ആസൂത്രിതമായ അക്രമമാണ് ആര്‍എസ്എസ് സംഘം നടത്തിയതെന്നാണ്‌ ഡിവൈഎഫ്ഐയുടെയും സിപിഐ(എം)ൻ്റെയും ആരോപണം.

അക്രമം നടത്തിയ സംഘത്തിലെ മറ്റു പ്രതികളെകുറിച്ച്‌ സംബന്ധിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ. അനീഷ് വടക്കയിൽ, പി.എം ശൈലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘമാണ് കേസ് അന്വേഷിക്കുന്നത്‌. കൊയിലാണ്ടി പോലീസിന്റെ സമർത്ഥമായ അന്വേഷണമാണ് അക്രമിസംഘത്തിലെ പ്രധാനിയെ 24 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്.