ഫോർ, വീണ്ടും ഫോർ പിന്നെയും ഫോർ, സിക്സ്; ദുലീപ് ട്രോഫി മത്സരത്തിൽ അർദ്ധ സെഞ്ചുറി കടന്ന് കൊയിലാണ്ടിയുടെ ഫയർ രോഹൻ കുന്നുമ്മലിന്റെ തല്ലുമാല


കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഫയറായി തകർത്തടിച്ച് കൊയിലാണ്ടിക്കാരനും സൗത്ത് സോൺ ടീമിന്റെ ബാറ്ററുമായ രോഹൻ എസ് കുന്നുമ്മൽ. ഒൻപത് ഫോറുകളും ഒരു സിക്സുമുൾപ്പെടെയാണ് രോഹൻ അർദ്ധ സെഞ്ചുറി കടന്നത്. 54 പന്തിൽ നിന്നാണ് രോഹൻ അൻപത് റൺസ് എടുത്തത്. കളി പുരോഗമിക്കുകയാണ്. പതിനാറു ബൗളിൽ നിന്ന് പതിനാലു റൺസ് എടുത്ത മനീഷ് പാണ്ഡെ ആണ് രോഹനോടൊപ്പം ക്രീസിലുള്ളത്.

എന്നാൽ ഇന്നത്തെ മത്സരം വളരെ കടുപ്പമാക്കിയിരിക്കുകയാണ് എതിരാളികളായ വെസ്റ്റ് സോൺ ടീം. തകർത്ത് കളിച്ച വെസ്റ്റ് സോൺ സൗത്ത് സോണിനെതിരെ കൂറ്റൻ ലീഡ് നേടി. 67 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ സൗത്ത് സോണിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ യുവതാരം യ‍ശസ്വി ജയ്സ്വാളിന്‍റെ ഇരട്ടസെഞ്ച്വറി കരുത്തിൽ 585 റൺസ് നേടി. 529 റൺസ് വിജയലക്ഷ്യവുമായാണ് സൗത്ത് സോൺ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയത്.

ദക്ഷിണ മേഖലയെ പ്രതിനിധികരിച്ച് മത്സരിക്കുന്ന രോഹൻ ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ അൽപ്പം മങ്ങിയ പ്രകടനമാണ് കാഴ്ച വച്ചത്. ഒന്നാം ഇന്നിങ്സിൽ 31 റൺസ് എടുത്ത് രോഹൻ പുറത്താവുകയായിരുന്നു.

അതേസമയം കഴിഞ്ഞ വ്യാഴാഴ്ച നടന്ന സെമിഫൈനൽ മത്സരത്തിൽ മികച്ച പ്രകടനമാണ് രോഹൻ കാഴ്ച വച്ചത്. നോർത്ത് സോണിനെതിരായ ദുലീപ് ട്രോഫി സെമിയിൽ 225 പന്തിൽ 143 റൺസ് നേടി രോഹൻ കുന്നുമ്മൽ ചരിത്രം കുറിച്ചു. ദുലീപ് ട്രോഫിയിൽ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ കേരള താരമായി ഈ കൊയിലാണ്ടിക്കാരൻ.

സിക്സടിച്ചാണ് രോഹന്‍ സെഞ്ചുറിയിലേക്ക് ചുവടു വെച്ചത്. 2002-03 സീസണിൽ എലൈറ്റ് ഗ്രൂപ്പ് ബിയ്‌ക്കെതിരെ പ്ലേറ്റ് ഗ്രൂപ്പ് ബിയിൽ കളിക്കുമ്പോൾ ശ്രീകുമാർ നായർ നേടിയ 95 റൺസ് ആയിരുന്നു ഇതിനു മുൻപ് മലയാളി താരത്തിന്റെ മികച്ച പ്രകടനം.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹൻ രഞ്ജി ട്രോഫി പോലെ സേലത്തും റൺ മഴ പെയ്യിച്ചു. നോര്‍ത്ത് സോണിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ രോഹന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 72 പന്തിൽ 77 റണ്‍സ് നേടി. രണ്ട് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഈ വലം കയ്യൻ ബാറ്റ്സ്മാൻ റണ്ണുകൾ നേടിയത്.