മഴ കുറയുന്നതുവരെ ജാഗ്രത; കക്കയം, കരിയാത്തുംപാറ, തോണിക്കടവ് തുടങ്ങി കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം


കോഴിക്കോട്: ജില്ലയില്‍ അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ കക്കയം, കരിയാത്തമ്പാറ, തോണിക്കടവ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് രണ്ടു മുതല്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണിത്.

ജില്ലയിലെ ബീച്ചുകളിലും ഹൈഡല്‍ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ വെള്ളത്തിലിറങ്ങാനോ ബോട്ടിംഗ്, തുഴച്ചില്‍, സ്വിമ്മിംഗ് എന്നിവ നടത്താനോ പാടില്ല. ആറുമണിക്ക് ശേഷം ഒരു കാരണവശാലും ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

18 വയസ്സിന് താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. ജില്ലയില്‍ അപകടകരമായ ജലാശയങ്ങളില്‍ വീണുള്ള മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യവും കണക്കിലെടുത്താണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.