കുടിവെള്ളമില്ല, കൃഷിയും നശിച്ചു; അതികഠിനമായ വരൾച്ച കാലം എങ്ങനെ നേരിടണമെന്നറിയാതെ നടുവത്തൂർ, കീഴരിയൂർ നിവാസികൾ; കനാൽ തുറക്കണമെന്ന ആവശ്യം ശക്തം


കൊയിലാണ്ടി: കനാൽ വെള്ളമെത്താത്തതിനെ തുടർന്ന് വെള്ളം കുടി മുട്ടിയിരിക്കുകയാണ് കീഴരിയൂർ – നടുവത്തൂർ വാസികൾ. കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നതിനോടൊപ്പം തന്നെ ഏക്കറുകളോളമുള്ള കൃഷിയും നശിച്ചു. കുറ്റ്യാടി ഇടതുകര മെയിൻ കനാലിൽ വെള്ളം നൽകണമെന്ന ആവശ്യം ശക്തമാക്കി ബിജെപി കീഴരുയൂർ കമ്മറ്റി.

നെല്ല്, പച്ചക്കറി,വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകരുടെ അവസ്ഥ അതിദയനീയമാണ്. വെള്ളമൊഴിക്കാനാവാത്തതിനാൽ കൃഷികൾ നശിച്ച് തുടങ്ങിയ അവസ്ഥയിലാണെന്നും എത്രയും പെട്ടന്ന് കനാൽ ജലം എത്തിക്കാനുള്ള മാർഗ്ഗം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശബരിനാഥ്‌ ആദ്യക്ഷത വഹിച്ചു. ഭാസ്കരൻ, കെപി അഭിലാഷ്, കെ .ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. മനോജൻ സ്വാഗതവും സുജിത് നന്ദിയും പറഞ്ഞു.

പൂക്കാട്, ചേമഞ്ചേരി, വിയ്യൂർ, പുളിയഞ്ചേരി, മൂടാടി, നടേരി, കാവുംവട്ടം, മൂഴിക്ക് മീത്തല്‍, കുറുവങ്ങാട്, മേലൂര്, ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ് എന്നി മേഖലകളിൽ കനാല്‍ വെളളമെത്താത്തത് കാരണം കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. കൃഷിയെ മാത്രം ആശ്രയിക്കുന്ന അനേകരാണ് ഈ മേഖലയിലുള്ളത്.