അനീതിക്കെതിരെ വിരൽ ചൂണ്ടാൻ കരുത്തായി ശരീരത്തിൽ ഫിഡൽ കാസ്ട്രോയും ചെ ഗുവേരയും, മനസ് നിറയെ ഫുട്ബോൾ; അർജന്റീനിയൻ ഇതിഹാസതാരം ഡീഗോ മറഡോണയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്


കന്മന ശ്രീധരൻ

നവംബർ 25

ലോകകപ്പിലെ മറഡോണയുടെ അഭാവം നൊമ്പരമുണർത്തുന്ന ഓർമ്മദിനം.

2020 നവംബർ 25 നാണ് ഫുട്ബോൾ ഇതിഹാസം കാലത്തിന്റെ ചുവപ്പ് കാർഡ് കണ്ട് ജീവിതക്കളം വിട്ടൊഴിഞ്ഞത്.
പത്തൊമ്പതാം വയസ്സിൽ യൂത്ത് ലോക കപ്പ് കിരീടം നാട്ടിലെത്തിച്ച അർജന്റീനയുടെ നായകൻ. 1982 മുതൽ 1994 വരെ നാല് തവണ ലോകകപ്പിൽ ബൂട്ട് കെട്ടി. മറഡോണ കളിച്ച ലോക കപ്പു കളെല്ലാം ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടി. 1986 ൽ ലോകകപ്പിൽ മുത്തം വെക്കുകയും ചെയ്തു.

ഫുട്ബോളിന്റെ ചരിത്രം വാണ വരുടെ മാത്രമല്ല. വീണവരുടേത് കൂടിയാണ്. കൊലക്കൊമ്പന്മാർ പലരും മൂക്ക് കുത്തി വീഴുന്നത് കണ്ടവരാണ് നമ്മൾ . ഇനിയും കാണുകയും ചെയ്യും. ഇച്ഛാശക്തിയുണ്ടെങ്കിൽ നമ്മുടെ കൊന്നയും ഒരു നാൾ പൂക്കുകയും ചെയ്യും.

മറഡോണ എതിരാളികളുടെ പേടി സ്വപ്നമായിരുന്ന കാലം. 82 ലെ ലോകകപ്പിലെ ഒരു ചിത്രം പുതുമയോടെ ഇന്നും നിൽക്കുന്നു. മറഡോണയെ വളഞ്ഞ് ആറ് ബൽ ജിയം കളിക്കാർ. ഒരു നാടോടി നർത്തകനെപ്പോലെ ആടിക്കൊണ്ടിരിക്കുന്ന മറഡോണയുടെ ഇടതു കാലിൽ അനുസരണയോടെ മെരുങ്ങിക്കിടക്കുന്ന പന്ത്. സ്റ്റീവ് പവൽ എന്ന ഫോട്ടോഗ്രാഫർ ഒപ്പിയെടുത്ത ചിത്രം. നിരവധി തവണ സൂക്ഷ്മ നിരീക്ഷണത്തിനും ഗവേഷണത്തിനും വിധേയമായ ചിത്രം.

ബ്രസീലുമായുള്ള കളിയിൽ 23 തവണയാണ് മറഡോണ ഫൗൾ ചെയ്യപ്പെട്ടത്. സഹികെട്ട് ബ്രസീലിയൻ താരത്തെ തൊഴിച്ചതും ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോകേണ്ടി വന്നതും ചരിത്രം. എന്നാൽ 86 ലെ മെക്സിക്കോ ലോകകപ്പ് മറഡോണക്കു വേണ്ടിയുളളതായിരുന്നു. അന്ന് കമന്റേറ്റർമാർ ‘കോസ്മിക് കൈറ്റ്’, ‘വഴുക്കലുള്ള ജലസർപ്പം’ എന്നൊക്കെയായിരുന്നു പുതുമയാർന്ന വിശേഷണങ്ങൾ ചാർത്തിക്കൊടുത്തത്. അടിച്ച ഗോളുകളും മിഡ്ഫീൽഡിൽ നിന്ന് നൽകിയ പാസ്സുകളും ഒരു പോലെ ഹൃദയഹാരികളായിരുന്നു.

നൂറ്റാണ്ടിലെ ഏറ്റവും മനോഹര ഗോളും വർഷങ്ങൾക്ക് ശേഷം ദൈവത്തിന്റെ കൈയ്യെന്ന് മറഡോണ കുററ സമ്മതം നടത്തിയ വിവാദ ഗോളും പിറന്നത് അന്നാണ്.

94 ലോക കപ്പിൽ ഡോപ് ടെസ്റ്റിൽ കുടുങ്ങിയത് ഒരു മഹാ ദുരന്തം. ഉത്തേ ജകമരുന്നൊന്നും കഴിച്ചിരുന്നില്ല എന്നും തടി കുറക്കാനായി കഴിച്ച മരുന്നിലെ എഫഡ് റീനിന്റെ സാന്നിദ്ധ്യമാണ് കുഴപ്പമായതെന്നും വിശദമായ പരിശോധനകളിൽ പിന്നീട് തെളിയിക്കപ്പെട്ടു. എങ്കിലും തന്റെ പ്രിയപ്പെട്ട പത്താം നമ്പർ ജഴ്സിയും ബൂട്ടും മറഡോണ എന്നെന്നേക്കുമായി അഴിച്ചു വെക്കുകയായിരുന്നു.

ദേശീയ പരിശീലകനായും ലോകകപ്പ് ഫുട്ബോൾ അവതാരകനായും വി.ഐ.പി ഗ്യാലറിയിലിരുന്ന് സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്ന കാണിയായും നാം അദ്ദേഹത്തെ കണ്ടു കൊണ്ടിരുന്നു.

ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടിന്റ കളിഭ്രാന്ത്, കഥകളി ഭ്രാന്ത്, അതിലും എത്രയോ മേലെയാണ് കാൽപന്ത് കളിഭ്രാന്ത്. അവരിൽ പ്രബലരായ രണ്ട് ചേരികൾ ബ്രസീലെന്നും അർജന്റീനയെന്നുമായി തിരിയാൻ ഇടയായത് യഥാർത്ഥത്തിൽ പെലെയും മറഡോണയും അവരുടെ പിന്തുടർച്ചക്കാരും സൃഷ്ടിച്ച കേളീ തരംഗങ്ങൾ തന്നെയായിരുന്നു.

ഒരു ഫാക്ടറി തൊഴിലാളിയുടെ എട്ട് മക്കളിൽ അഞ്ചാമനായി പിറന്ന മറഡോണ. കുട്ടിക്കാലത്ത് വളരെ അകലെ നിന്ന് വെള്ളം ശേഖരിച്ച് ചുമലിലേറ്റി വീട്ടിലെത്തിക്കുന്നത് അവന്റെ ചുമതലയായിരുന്നു. വളർന്ന് വലുതായപ്പോൾ ഈ അഞ്ചടി പൊക്കക്കാരന്റെ കാലുകൾ ബലിഷ്ഠമാകാൻ ഇതാണത്രെ സഹായകമായത്.

കാലിൽ ഫിഡൽ കാസ്ട്രോയേയും കൈയ്യിൽ ചെഗുവേരെയും പച്ച കുത്തിയ മറഡോണ അനീതിക്കെതിരെ വിരൽ ചൂണ്ടാൻ ഒരിക്കലും മടിക്കാറില്ലായിരുന്നു.

നമ്മുടെ രശ്മി ഫുട്ബോൾ ഗ്യാലറി പോലെ കളി ആസ്വദിക്കാൻ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ പൊയിൽക്കാവിലെ കായികാധ്യാപകൻ കൂടിയായ ടി.പി.ദാമോദരൻ മാസ്റ്ററുടെ പത്മരാഗിൽ കളിഭ്രാന്തന്മാർ ഒത്തുചേരുമായിരുന്നു. അന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ടീവിയിൽ കണ്ട മറഡോണ എന്ന ഫുട്ബോൾ മാന്ത്രി കന്റെ നിറം മങ്ങാത്ത പ്രകടനങ്ങൾക്ക് മുമ്പിൽ പ്രണാമമർപ്പിച്ചു കൊണ്ട് എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് ഖത്തറിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കാൽപന്ത് വസന്തത്തിന്റെ മധു ആവോളം നുകരാം.