‘എന്നും പള്ളിയിൽ പോവുകയും പള്ളിയുടെ പ്രവർത്തനങ്ങളിൽ ഏറെ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു, തന്റെ മത വിശ്വാസത്തിനെതിരായി എങ്ങനെയാണു അയാൾക്ക് ആത്മഹത്യ ചെയ്യാൻ കഴിയുക’; പൂക്കാട് ഹംസയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് നാട്


ചേമഞ്ചേരി: ‘എന്നും അഞ്ചു നേരം പള്ളിയിലെത്തി നിസ്കരിക്കുന്ന ആളാണ് ഹംസ, എങ്ങനെയാണു തന്റെ മത വിശ്വാസത്തിനെതിരായി അയാൾക്ക് ആത്മഹത്യാ ചെയ്യാൻ കഴിയുക’. കഴിഞ്ഞ ശനിയാഴ്ച നേരത്തേ തന്നെ അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നെങ്കിലും രാവിലെ അഞ്ച് മണിക്കുള്ള നിസ്‌കാരത്തിന് പള്ളിയിലെത്തിയിരുന്നില്ല. പിന്നീട് ഏഴ് മണിയോടെ പൊയില്‍ക്കാവില്‍ വച്ച് ട്രെയിന്‍ ഇടിച്ച് മരിച്ചു എന്നുള്ള വാർത്തയായിരുന്നു വീട്ടുകാരും നാടും അറിഞ്ഞത്. പൂക്കാട് മുഹയുദ്ധീൻ ജമാഅത്ത് പള്ളി സെക്രട്ടറി ഹംസയുടെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കുളും നാട്ടുകാരും.

നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹംസ അസ്വസ്ഥനായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഹംസയുടെ മരണത്തിന് കാരണമായ മാനസിക പിരിമുറുക്കം സൃഷ്ടിച്ച് കൊല്ലാക്കൊല ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന ഉദ്ദേശവുമായി ഇന്നലെ രാത്രി കാനത്തിൽ ജമീലയുടെ നേതൃത്വത്തതിൽ കൂടിയ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പള്ളിയോട് ചേര്‍ന്നുള്ള ഫ്രണ്ട്‌സ് ഹയര്‍ ഗുഡ്‌സ് എന്ന വാടക സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഹംസ. പള്ളിയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായും നോക്കി നടത്താൻ കൂടിയായിരുന്നു പള്ളിയുടെ സമീപത്തു തന്നെ കടയും നടത്തിയത്. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി, കൊയിലാണ്ടി ഡിവിഷൻ എസ്.എസ്.എഫ് ജനറൽ സെക്രട്ടറി,പൂക്കാട് മര്‍ക്കസ് സ്‌കൂളിന്റെ രക്ഷാധികാരി എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു. മുപ്പത് വർഷത്തോളമായി ഈ ഭാരവാഹിത്വങ്ങൾ ഏറെ ആത്മാർത്ഥമായി തന്നെ അദ്ദേഹം പ്രവർത്തിച്ചു വരുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

‘പള്ളിക്കമ്മിറ്റിയുടെ തലപ്പത്ത് നിന്നും ഹംസയെ പുറത്താക്കാൻ ചിലർ നടത്തിയ നീക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ചില രാഷ്ട്രീയ മുതലെടുപ്പുകാരാണ് ഇതിന് പിന്നിൽ. ഭാരവാഹിത്വത്തിനായി ചിലർ വളരെ മോശമായി തന്നോട് സംസാരിച്ചതായി ഹംസ പറഞ്ഞിരുന്നു’ എന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

‘എല്ലാ പാർട്ടിക്കാരുമായി വളരെ ബന്ധമുള്ള പള്ളിയാണിത്. മതസ്പര്ദ്ധയൊന്നുമില്ലാത്ത നാടാണിത്. പ്രശ്നക്കാരനായി മുദ്രകുത്തിയതോടെയാണ് മാനസിക പ്രയാസം ഉണ്ടായത്. പളളിക്കമ്മിറ്റി തകരും എന്ന അവസ്ഥയാണ് ഹംസയെ തളർത്തിയത്. ഇതിന് മുമ്പും ഇതുപോലുള്ള അവസ്ഥ ഉണ്ടായിരുന്നു. ഇതിപ്പോൾ ഒരാഴ്ചയോളമായി ഇയാൾ മാനസിക പ്രതിസന്ധി അനുഭവിക്കുന്നുണ്ടായിരുന്നു’. ആരൊക്കെയോ ഇയാളെ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ ആരൊക്കെ വിളിച്ചു എന്നുള്ളതൊക്കെ പോലീസ് അന്വേഷിക്കണം’, ഹംസയുടെ മരണത്തിലേക്ക് നയിച്ചവരെ കണ്ടുപിടിക്കണം എന്ന ഉദ്ദേശമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.

മതവിശ്വാസിയായിരുന്നെങ്കിൽ എല്ലാ മനുഷ്യരെയും ഒരേപോലെ കണ്ടിരുന്ന ആളാണ് ഹംസ. മൂത്ത മകൻ ഉസ്താദാണ്. മരുമകനും മതാധ്യാപകനാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ സഹായിക്കാന്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു ഹംസയെന്ന് അദ്ദേഹത്തിന്റെ പരിചയക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ഒരുപാട് പേര്‍ക്ക് അദ്ദേഹം സഹായം ചെയ്തിട്ടുണ്ട്. നാട്ടില്‍ ഒരു മരണം നടന്നാല്‍ ആ വീട്ടിലേക്ക് തന്റെ സ്ഥാപനത്തില്‍ നിന്ന് വാടകസാധനങ്ങള്‍ സൗജന്യമായി നല്‍കുന്നത് ഹംസയുടെ ശീലമായിരുന്നു.

കാനത്തിൽ ജമീല എം,എൽ.എ രക്ഷാധികാരിയായി സതി കിഴക്കെയിൽ ചെയർമാനായി ആക്ഷൻ കമ്മിറ്റി രൂപികരിച്ചു. വൈസ് പ്രസിഡന്റ് ആയി മാടഞ്ചേരി സത്യനാഥ്‌, കൺവീനറായി പള്ളി കമ്മിറ്റിയുടെ ജോയിന്റ് കൺവീനർ സാലിഖ്, ജോയിന്റ് കൺവീനർ വേണുഗോപാൽ എം.പി തുടങ്ങിയവരുടെനേതൃത്വത്തിൽ കുനിയിൽ ഹംസ മരണ അന്വേഷണ കർമ്മ സമിതി എന്ന പേരിൽ ഇരുപത്തിയഞ്ച് അഞ്ച് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. പ്രദേശത്ത് ജാതി മത വ്യത്യാസമില്ലാതെ വാൻ ജനാവലിയാണ് ഇന്നലത്തെ യോഗത്തിൽ എത്തിച്ചേർന്നത്.

അധികം വൈകാതെ പോലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ.