‘സിബി സാറിന്റെ പടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം’ സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് സിനിമയുടെ എഡിറ്ററും എളാട്ടേരി സ്വദേശിയുമായ രതിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


സുഹാനി.എസ്.കുമാര്‍

കൊയിലാണ്ടിയിലെ കുഞ്ഞ് ഗ്രാമത്തില്‍ നിന്നും സിനിമയുടെ വലിയ ലോകത്ത് എത്തിയ സന്തോഷത്തിലാണ് രതിന്‍ രാധാകൃഷ്ണന്‍. കൊയിലാണ്ടി എളാട്ടേരി സ്വദേശി രതിന്‍ രാധാകൃഷ്ണന്‍ സ്വതന്ത്ര എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രമാണ് കൊത്ത്. ഒരിടവേളക്ക് ശേഷമാണ് സിബി മലയില്‍ സിനിമ ചെയ്യുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ കൊല്ലും കൊലയും അല്ലെന്നും പകരം മനുഷ്യന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അടിവരയിട്ട് പറയുന്ന ചിത്രം പ്രണയത്തിന്റെയും നിസ്സഹായതയുടെയും കാത്തിരിപ്പിന്റെയും കഥ കൂടിയാണ് പറയുന്നത്. സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ആസിഫ് അലിയാണ്. കൊയിലാണ്ടിക്കാരന്‍ വിജിലേഷ് കാരയാടും സിനിമയില്‍ മികച്ച കഥാപാത്രം ചെയ്യുന്നുണ്ട്.


‘സിബി സാറിന്റെ പടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. സിനിമ കണ്ടവരെല്ലാം നല്ല പ്രതികരണമാണ് നല്‍കുന്നത്’ എന്നും രതിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

2009-ല്‍ പഠനം കഴിഞ്ഞ് സിനിമയുടെ ലോകത്തേക്ക് ചെറുചുവട് വെച്ച് തുടങ്ങിയത് 2011ലെ ബ്ലസി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയില്‍ അസിസ്റ്റന്റ് സ്‌പോര്‍ട് എഡിറ്ററായി ജോലി ആരംഭിച്ചാണ്. പിന്നീട് അസിസ്റ്ററ്റ് എഡിറ്ററായും സ്‌പോട് എഡിറ്ററായും പ്രവര്‍ത്തിച്ചു. അന്‍പത്തിരണ്ടോളം ചിത്രങ്ങളില്‍ സ്‌പോട് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ടെന്നും രതിന്‍ പറയുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ് സൂപ്പര്‍ താരങ്ങളായ കമലഹാസന്‍, വിക്രം എന്നിവര്‍ക്കൊപ്പവും രതിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്നറിയിപ്പ്, ട്രാന്‍സ്, ഉയരേ, ഭീഷ്മപര്‍വ്വം, പുഴു, കുറുപ്പ്, വരത്തന്‍, ഇരുമുഖന്‍, കാര്‍ബണ്‍, തൂങ്കാവനം തുടങ്ങിയ ചിത്രങ്ങളും രതിന്‍ രാധാകൃഷ്ണന് മികച്ച വഴികളൊരുക്കി. 2020ലാണ് കൊത്ത് സിനിമയുടെ പ്രോജക്ട് രതിന്‍ രാധാകൃഷ്ണനിലേക്ക് എത്തുന്നത്. പക്ഷേ ആദ്യം പുറത്തിറങ്ങിയത് ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രമാണ്.

രാധാകൃഷ്ണനാണ് രതിന്റെ അച്ഛന്‍, ഉദയയാണ് അമ്മ, ഭാര്യ ആര്യ, അനിയന്‍ നിധിന്‍ എന്നിവരടങ്ങിയതാണ് രതിന്‍ രാധാകൃഷ്ണന്റെ കുടുംബം.

summary: