വിട്ട് പോകുന്ന നോമ്പും പ്രതിവിധികളും-01 | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

സൃഷ്ടികളായ നാം സൃഷ്ടാവിനെ വിധേയപ്പെടുന്നതിന്റെ വിവിധ രൂപമാണ് ഇബാദത്ത്.ഇതിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ ത്യാഗങ്ങൾക്ക് വിശ്വാസി തയ്യാറാവേണ്ടതുണ്ട്.വിശുദ്ധ ഇസ്‌ലാം ഒരു പ്രകൃതി മതമാണ്.അതുകൊണ്ടു തന്നെ മനുഷ്യന് താങ്ങാൻ കഴിയാത്തത് മതനിയമങ്ങളിൽ എവിടെയും കാണാൻ സാധ്യമല്ല.

രോഗം കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വ്രതമനുഷ്ഠിക്കേണ്ടതില്ല എന്നതാണ് മത താല്പര്യം(എന്നാൽ നിസ്സാര കാര്യത്തിന്റെ പേരിൽ നോമ്പൊഴിവാക്കാൻ പാടുള്ളതല്ല).രോഗം പിന്നീട് മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗിയാണെങ്കിൽ നഷ്ടപ്പെട്ട ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നൽകേണ്ടതാണ്.

എന്നാൽ രോഗം മാറുമെന്ന് പ്രതീക്ഷയുള്ളവർ നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടിയാൽ മാത്രം മതി.ഓരോ നാട്ടിലെയും മുഖ്യാഹാരമായി നൽകപ്പെടുന്ന ധാന്യത്തിൽ നിന്നാണ് മുദ്ദ് നൽകേണ്ടത്.വാർദ്ധക്യം കാരണം നോമ്പെടുക്കാൻ കഴിയാത്തവർക്കും ഇതേ നിയമം തന്നെയാണ്.

ഗർഭിണിയോ,കുഞ്ഞിന് മുലപ്പാൽ നൽകുന്ന മാതാവോ വ്രതമെടുത്താൽ അവർക്കാരോഗ്യ പ്രശ്നമുണ്ടാകുമെന്ന് ഭയന്നാൽ നോമ്പൊഴിവാക്കാം. ഖളാ വീട്ടൽ നിർബന്ധമാണ്. എന്നാൽ അതിന് മുദ്ദ് നൽകേണ്ടതില്ല.അതേ സമയം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന ഭയത്തിൽ ഗർഭിണി നോമ്പൊഴിവാക്കിയാലും മുലപ്പാൽ കുടിക്കുന്ന കുഞ്ഞിനെ ബാധിക്കുമെന്ന് കരുതി മാതാവ് നോമ്പൊഴിവാക്കിയാലും നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടുന്നതോടൊപ്പം മുദ്ദ് നൽകുകയും ചെയ്യൽ നിർബന്ധമാണ്.

(തുടരും)