ഈ പുണ്യമാസത്തില്‍ കഷ്ടത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും ചേർത്തു നിർത്താനും നാം മുന്നിട്ടിറങ്ങണം | റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

വിശ്വാസി ഹൃദയങ്ങളിൽ വ്രതശുദ്ധിയുടെ വസന്തം തീർത്ത് വീണ്ടുമൊരു പരിശുദ്ധ റമളാൻ കൂടി സമാഗതമായിരിക്കുകയാണ്.റമളാൻ എന്ന പദത്തിന്റെ അർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സുകളിലെ തിന്മകളും കുറ്റകൃത്യങ്ങളും കരിയിച്ചു കളഞ്ഞ് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട സമയമാണിത്.വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം നേടുന്നതിനും അവൻ്റെ കരുണയുടെ തിരുനോട്ടം ലഭിക്കുന്നതിനും കാരണമാകുന്ന ഇരപകലുകളാണ് വരാനിരിക്കുന്നത്.

വിശുദ്ധ റമളാനിനെ സമ്പന്നമാക്കുന്ന കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ആത്മ സംസ്കരണം.വ്യക്തിശുദ്ധിയും സ്വഭാവ സംസ്കരണവുമാണ് ഇതിന്റെ ആകെ തുക.ആയുസ്സ് കുറഞ്ഞ ജനവിഭാഗമായതുകൊണ്ടുതന്നെ നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള സമയം വളരെ പരിമിതമാണ്.അല്ലാഹു നമുക്ക് നൽകിയ കുറഞ്ഞ ജീവിതകാലയളവിൽ കൂടുതൽ സൽകർമ്മങ്ങൾ സമ്പാദിക്കുക എന്നത് സാധ്യമല്ല.അതുകൊണ്ടുതന്നെ വിശ്വാസികൾക്ക് കൂടുതൽ സൽകർമ്മങ്ങൾ പ്രവർത്തിക്കാനും ഓരോ പ്രവർത്തനങ്ങൾക്കും ഇരട്ടി പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന വലിയ അവസരമാണ് പുണ്യ റമളാനിലൂടെ സാധ്യമാകുന്നത്.

വിശ്വാസികൾക്ക് ആത്മസംസ്കരണത്തിന്റെയും ആരാധനാ ധന്യതയുടെയും പുത്തനുണർവുകൾ സമ്മാനിക്കുന്ന വിശുദ്ധ റമളാനിനെ നാം കൂടുതൽ നന്മകൾ കൊണ്ട് ധന്യമാക്കണം. ആത്മസംസ്കരണത്തിന്റെ പാതയിലേക്ക് പ്രവേശിക്കുന്ന ഒരാൾ ആദ്യമായി കൈക്കൊള്ളേണ്ടത് പ്രപഞ്ച സൃഷ്ടാവിലുള്ള അചഞ്ചലമായ തഖ്‌വയാണ്.അതോടൊപ്പം ക്ഷമയും സഹനവും കൈമുതലാക്കിയാൽ മാത്രമേ ആത്മസംസ്കരണം സാധ്യമാവുകയുള്ളൂ.അതിലൂടെ മാത്രമാണ് വിശുദ്ധ ദീനിന്റെ ഈമാനികമായ മധുരം നുകരാൻ വിശ്വാസിക്ക് സാധിക്കുക.

ഒരർത്ഥത്തിൽ പറഞ്ഞാൽ ഹൃദയശുദ്ധീകരണം തന്നെയാണ് ആത്മ സംസ്കരണം.തിരുനബി (സ) പറയുകയുണ്ടായി : “നിശ്ചയം ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്.അത് നന്നായാൽ ശരീരം മുഴുവനും നന്നായി.എന്നാൽ,അത് ചീത്തയായാൽ ശരീരം മുഴുവനും ചീത്തയായി. അറിയുക, അതാണ് ഹൃദയം”.ഈ പ്രവാചകധ്യാപനത്തിലൂടെ ഹൃദയ ശുദ്ധീകരണത്തിന്റെ ആവശ്യകത വിശ്വാസിക്ക് ബോധ്യപ്പെടും.

ആരാധനകൾക്കും ദാനധർമ്മങ്ങൾക്കും ഏറെ പ്രതിഫലം ലഭിക്കുന്ന ഈ പുണ്യമാസത്തിൽ കഷ്ടത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും അവരെ ചേർത്തു നിർത്താനും നാം മുന്നിട്ടിറങ്ങണം.വിശുദ്ധിയുടെ വസന്തം പെയ്തിറങ്ങുന്ന ഈ പുണ്യ റമളാൻ ആത്മ സംസ്കരണത്തിന്റെയും ആരാധനയുടെയും സുകൃതങ്ങൾ കൊണ്ട് നമുക്ക് ധന്യമാക്കാം.