അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു


കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

അക്രമസംഭവങ്ങള്‍ക്കുശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കി പൊലീസ് ഓഫീസിനു ഷട്ടറിട്ട സമയത്തെ ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെയുണ്ട് എന്നുള്ളതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം നല്‍കിയാണ് ചിലര്‍ ചോദ്യമുന്നയിച്ചിരിക്കുന്നത്.

ഇന്നലെ പുറത്തുവന്ന ചിത്രങ്ങളില്‍ ഗാന്ധിജിയ്‌ക്കൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ചിത്രവും ചുവരില്‍ കാണാം. ഓഫീസില്‍ ഇരിപ്പിടത്തിന് തൊട്ടുമുകളിലായുള്ള ചുവരിലാണ് ഗാന്ധി ചിത്രമുണ്ടായിരുന്നത്. അക്രമസംഭവങ്ങള്‍ക്കുശേഷം പൊലീസ് എല്ലാവരെയും പുറത്താക്കി ഷട്ടറിട്ട ഓഫീസില്‍ നിന്നും ഗാന്ധി ചിത്രം എങ്ങനെ തറയിലെത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.

ഇന്ന് വയനാട് ഡി.സി.സി ഓഫീസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായാണ് സംസാരിച്ചത്. മര്യാദക്ക് ഇരുന്നോളണമെന്നും ഇല്ലെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറക്കിവിടുമെന്നും പറയുകയായിരുന്നു. ‘ഈ ചോദ്യം പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി’യെന്നും സതീശന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം പുറത്തിറങ്ങുകയായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ബഫര്‍സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഉച്ചയ്ക്ക് മൂന്നുമണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു.