കുഴഞ്ഞുവീഴുന്നതിന്റെ തൊട്ടുമുമ്പ് വരെ ആവേശത്തോടെ ഒപ്പനയുടെ താളത്തിന് ചുവടുവെച്ചു; നൊമ്പരമായി പുളിയഞ്ചേരി സ്വദേശി അവസാന നിമിഷങ്ങള്‍ ഉള്‍പ്പെട്ട ഒപ്പന വീഡിയോ


കൊയിലാണ്ടി: സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ ഒപ്പന കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് യുവതി മരിച്ച സംഭവത്തില്‍ നൊമ്പരമായി യുവതിയുടെ അവസാന നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ 109-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള ഒപ്പനയ്ക്കിടെ യുവതി കുഴഞ്ഞ് വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാലോളി ഷീബയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

പുളിയഞ്ചേരി യു.പി സ്‌കൂളില്‍ 109-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, അദ്ധ്യാപകന്റെ യാത്രയയപ്പ് തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ആഘോഷപരിപാടികളില്‍ സജീവമായിരുന്നു ഷീബ. ഒപ്പനിയ്ക്കിടെ കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പുപോലും അവര്‍ സ്‌റ്റേജില്‍ സജീവമായിരുന്നു. കളിയ്ക്കിടെ ഷീബ പെട്ടെന്ന് കുഴഞ്ഞുവീണപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്നവര്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

കുഴഞ്ഞുവീണ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.