‘പയ്യോളി എക്‌സ്പ്രസി’ന് ഒപ്പം ഓടാന്‍ മറ്റാരും ഇല്ല; ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി എതിരില്ലാതെ പി.ടി.ഉഷ


ന്യൂഡല്‍ഹി: പി.ടി.ഉഷ എം.പി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയാകും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉഷയ്‌ക്കെതിരെ മത്സരിക്കാന്‍ മറ്റാരും പത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഉഷ എതിരില്ലാതെ അധ്യക്ഷയാകുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നാണ് അവസാനിച്ചത്.

ഡിസംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിരില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. പി.ടി.ഉഷയെ അധ്യക്ഷയായി അന്നേ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഞായറാഴ്ച ഉച്ചയ്ക്കാണ് പി.ടി.ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചത്. പി.ടി.ഉഷ എതിരില്ലാതെ അധ്യക്ഷയാകുമെന്ന് ഉറപ്പായതോടെ അവര്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. ഇതിഹാസ സുവര്‍ണ്ണപുത്രിക്ക് അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പയ്യോളി സ്വദേശിനിയായ പി.ടി.ഉഷയെ ജൂലൈയിലാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ജൂലൈ 20 നാണ് ഉഷ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. എം.പിയായി നാല് മാസങ്ങള്‍ക്കിപ്പുറമാണ് ഉഷ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേക്ക് എത്തുന്നത്.