വിജ്ഞാപനം വന്നിട്ട് മൂന്നുവര്‍ഷം, രണ്ടുഘട്ട പരീക്ഷയും കഴിഞ്ഞു, ഇപ്പോള്‍ യോഗ്യതയില്‍ മാറ്റംവരുത്തി പി.എസ്.സി; ഈ തസ്തികയില്‍ ബിരുദധാരികള്‍ അപേക്ഷിക്കാനാകില്ലെന്ന് നിര്‍ദേശം


തിരുവനന്തപുരം: അഞ്ചു ലക്ഷത്തോളം പേര്‍ അപേക്ഷിക്കുകയും, രണ്ടു ഘട്ട പരീക്ഷ നടത്തുകയും ചെയ്ത ശേഷം ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലെ യോഗ്യതയില്‍ മാറ്റം വരുത്തി പി.എസ്.സി. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്നാണ് യോഗ്യതയില്‍ വരുത്തിയ മാറ്റം. വിജ്ഞാപനം വന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പി.എസ്.സി യോഗ്യതയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതോടെ, ഉദ്യോഗാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം റാങ്ക് ലിസ്റ്റില്‍ നിന്ന് പുറത്താകുന്ന സ്ഥിതിയായി. 2019 ഡിസംബര്‍ 31നാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എട്ടാം ക്ലാസ്, അല്ലെങ്കില്‍ തത്തുല്യയോഗ്യതയാണ് പറഞ്ഞിരുന്നത്. 14 ജില്ലകളിലായി അഞ്ചു ലക്ഷത്തോളം പേര്‍ അപേക്ഷിച്ചു. പ്രാഥമിക പരീക്ഷ നടത്തി ഓരോ ജില്ലയ്ക്കും പ്രത്യേകം അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചു. 2021 ഡിസംബര്‍ 23ന് മുഖ്യ പരീക്ഷയും നടത്തി.

40,000 ത്തോളം ഉദ്യോഗാര്‍ത്ഥികളാണ് മുഖ്യ പരീക്ഷയെഴുതിയത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി സാദ്ധ്യതാപട്ടിക തയ്യാറാക്കിയപ്പോഴാണ്, യോഗ്യതയില്‍ ആരോഗ്യവകുപ്പ് മാറ്റം വരുത്തിയ കാര്യം പി.എസ്.സി ശ്രദ്ധിച്ചത്. ഇതോടെ, ഏഴാം ക്ലാസ് പാസായിരിക്കണമെന്നും, ബിരുദം പാടില്ലെന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ 12 ന് തിരുത്തല്‍ വിജ്ഞാപനമിറക്കി. ഇതോടെ,ബിരുദധാരികള്‍ അയോഗ്യരായി.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതിയായ 2020 ഫെബ്രുവരി അഞ്ചിനോ, അതിനു മുന്‍പോ ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം മുഖ്യ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പി.എസ്.സി വാങ്ങുന്നു. 2020 ഫെബ്രുവരി 6 നു ശേഷം ബിരുദം നേടിയവര്‍ അപേക്ഷിച്ചതില്‍ ന്യൂനതയില്ല. ഫെബ്രുവരി 5 ന് മുന്‍പ് ബിരുദം നേടിയവര്‍ അക്കാര്യം മറച്ചു വച്ച് സത്യവാങ്മൂലം നല്‍കിയാല്‍ ശിക്ഷാ നടപടിക്ക് വിധേയരാകുമെന്നും പി.എസ്.സി മുന്നറിയിപ്പ് നല്‍കുന്നു.