കൊയിലാണ്ടി സിദ്ധീഖ് പള്ളിയ്ക്ക് അരികില്‍ ഖബര്‍സ്ഥാന് മുകളിലൂടെ കെട്ടിടം പണിയാനുള്ള നീക്കം തടഞ്ഞ് നാട്ടുകാര്‍- വീഡിയോ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഖബര്‍സ്ഥാന്‍ മുകളിലൂടെ കെട്ടിടം പണിയാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. കൊയിലാണ്ടി നന്തി ദാറുസ്സലാം അറബി കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി സിദ്ധീഖ് പള്ളി (മൈതാനിപള്ളി) ബില്‍ഡിങ്ങില്‍ പുതുതായി ആരംഭിക്കുന്ന ഹോട്ടലിന്റെ പുറക് വശത്താണ് അനധികൃതമായി ബില്‍ഡിങ്ങ് നിര്‍മ്മിക്കുന്നതിനായി പണി ആരംഭിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെ ഖബര്‍സ്ഥാനിനു മുകളിലൂടെയിവര്‍ കുഴി എടുക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഹോട്ടല്‍ പണിയുന്നതിനോടനുബന്ധിച്ച് കെട്ടിടം വികസിപ്പിക്കാനായി മണ്ണെടുത്തപ്പോഴാണ് ഖബര്‍ കണ്ടത്. ഉടനെ തന്നെ പ്രദേശവാസികളെല്ലാം ചേര്‍ന്ന് തടയുകയായിരുന്നു.

പ്രദേശവാസികള്‍ കൊയിലാണ്ടി മുനിസിപ്പല്‍ എഞ്ചിനിയറെ വിവരമറിയിക്കുകയും, പരിശോധനയില്‍ അനുവാദമില്ലാതെയാണ് പണി നടത്തുന്നതെന്നും തെളിഞ്ഞു. അനധികൃതമായി കെട്ടിടം പണിയുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ഉത്തരവിട്ടു.

നാട്ടുകാരെല്ലാവരും ചേര്‍ന്നാണ് ഖബര്‍സ്ഥാന്‍ തിരികെ മണ്ണിട്ട് മൂടിയത്. ഖബറുകളൊക്കെ മാറ്റി ഹോട്ടലിനുവേണ്ടി ബില്‍ഡിങ്ങ് നിര്‍മ്മിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് പ്രദേശ വാസികള്‍ അറിയിച്ചു.